ഇരിട്ടി : ആറളം പയോറ ഏച്ചില്ലത്ത് വീട്ടമ്മയെ വീട്ടിനുള്ളിൽ വെട്ടും മർദനവുമേറ്റ പരിക്കുകളോടെ കണ്ടെത്തി. ഏച്ചിലത്തെ കുന്നുമ്മൽ രാധയെയാണ് വീട്ടിനുള്ളിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. 58 വയസ്സാണ്. ഇവരെ പരിയാരം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 9 മണിയോടെ ആണ് സംഭവം നടന്നതെന്ന് പോലീസ് കരുതുന്നു. വീട്ടമ്മയുടെ ചെവി വെട്ടേറ്റ് മുറിഞ്ഞുതൂങ്ങിയ നിലയിലും താടിയെല്ലിന് ഇരുഭാഗത്തും ക്ഷതമേറ്റ നിലയിലും ആണ് കണ്ടെത്തിയത്. കാലിൽ ആഴത്തിലുള്ള മുറിവുണ്ട്. പരിക്കേറ്റ രാധയുടെ നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തുകയായിരുന്നു. ഇവർ വീട്ടിൽ ഒറ്റക്കാണ് ഉണ്ടായിരുന്നതെന്ന് അയൽവാസികൾ പോലീസിനോട് പറയുന്നു.

സംഭവ ദിവസം ഒപ്പം താമസിക്കുന്ന സഹോദരി കണ്ണൂരിൽ ജോലിക്ക് പോയിരിക്കുകയായിരുന്നു. രാധയുടെ ഏകമകൾ ഭർതൃ വീട്ടിലാണ് താമസം. വീണ് പരിക്കേറ്റതാണെന്നാണ് ആദ്യം രാധ സമീപവാസികളോട് പറഞ്ഞത്. എന്നാൽ വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ ആറളം പൊലീസിനോട്, മോഷ്ടാവാണ് ആക്രമിച്ചതെന്നും കഴുത്തിലും കാതിലുമുള്ള സ്വർണാഭരണങ്ങൾ കവരുന്നത് ചെറുക്കുമ്പോഴാണ് ആക്രമിച്ചതെന്നുമാണ് ഇവർ പിന്നീട് മൊഴി നൽകിയത്. ഇവരുടെ മൊഴികളിൽ വൈരുധ്യമുള്ളതായും മോഷണശ്രമം നടന്നതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും സംഭവത്തിൽ ദുരൂഹതയുള്ളതായും പൊലീസ് പറയുന്നു. പരിക്ക് ഗുരുതരമായതിനാൽ രാധയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതിനാൽ പൊലീസിന് കൂടുതൽ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. എന്നാൽ , സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് ചില നിർണായകമായ വിവരങ്ങൾ ലഭിച്ചതായും രണ്ടുപേർ ആറളം പൊലീസിനടീ വലയിലായതായും സൂചന ലഭിച്ചിട്ടുണ്ട്.
ആറളം പൊലീസ് ഇൻസ്പെക്ടർ അരുൺദാസ്, പ്രിൻസിപ്പൽ എസ്.ഐ ശ്രീജേഷ്, അഡീ. എസ്.ഐ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കണ്ണൂരിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചിട്ടുണ്ട്. രാധയുടെ വീട് പൊലീസ് നിരീക്ഷണത്തിലാണ് ഉള്ളത്.