അശ്ലീല ചിത്ര നിർമാണം; അറസ്റ്റിലായ ബോളിവുഡ് നടി ശിൽപ ഷെടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര മുടക്കിയത് കോടികളെന്ന് ക്രൈംബ്രാഞ്ച്

മുംബൈ: അശ്ലീല സിനിമകൾ നിർമിച്ചതിന് അറസ്റ്റിലായ ബോളിവുഡ് നടി ശിൽപ ഷെടിയുടെ ഭർത്താവും  വ്യവസായിയുമായ രാജ് കുന്ദ്രയ്‌ക്കെതിരെ ഡിജിറ്റൽ തെളിവുകളുമായി ക്രൈം ബ്രാഞ്ച്. രാജ് കുന്ദ്രയെ ഉടൻ കോടതിയിൽ ഹാജരാക്കും. ചിത്രങ്ങളുടെ കച്ചവടം ഉറപ്പിച്ചിരുന്ന എച് അകൗണ്ട് എന്ന വാട്‌സ് ആപ് ഗ്രൂപിലെ ചാറ്റ് വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.

കെന്റിൻ എന്ന ബ്രിടീഷ് പ്രൊഡക്ഷൻ കമ്പനിക്കായി ഇൻഡ്യയിൽ നിർമിക്കുന്ന അശ്ലീല ചിത്രങ്ങൾ വിറ്റിരുന്നത് രാജ് കുന്ദ്ര വഴിയാണെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പുറത്ത് വന്ന തെളിവുകൾ. ഈ കമ്പനിയുടെ ഉടമ പ്രദീപ് ഭക്ഷി അടക്കമുള്ളവരെ ചേർത്താണ് എച് അകൗണ്ട് എന്ന പേരിൽ രാജ് കുന്ദ്ര അഡ്മിനായി വാട്‌സ് ആപ് ഗ്രൂപ് ഉണ്ടാക്കിയിരിക്കുന്നത്.

അശ്ലീല ചിത്ര നിർമാണത്തിനായി കോടിക്കണക്കിന് രൂപ രാജ് കുന്ദ്ര നിക്ഷേപം നടത്തിയതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ചിത്രങ്ങളുടെ വരുമാനത്തെക്കുറിച്ച്‌ ചർച്ച ചെയ്യുന്നത് പുറത്ത് വന്ന സ്‌ക്രീൻ ഷോടുകളിലുണ്ട്. കെന്റിൻ (KENRIN) കമ്പനിയിൽ രാജ്കുന്ദ്രയ്ക്കും നിക്ഷേപമുണ്ടെന്ന ആരോപണം കേസിൻ്റെ  തുടക്കകാലത്ത് ഉയർന്നിരുന്നു. ഹോട്‌ഷോട്‌സ് പോലെ ചില അശ്ലീല വീഡിയോ പ്ലാറ്റ്‌ഫോമുകളിലേക്കും മുംബൈയിലെ റിസോർടുകളിൽ ചിത്രീകരിക്കുന്ന വിഡിയോകൾ വിറ്റിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമാവുകയാണ്.

ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത ശേഷം ഫെബ്രുവരിയിൽ മുംബൈയിലെ മധ് ഐലൻഡിൽ നടത്തിയ റെയ്ഡിൽ അഞ്ച് പേർ അറസ്റ്റിലായിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഗെഹ്‌ന വസിസ്ത് എന്ന നടിയും പിടിയിലായതോടെയാണ് വമ്പൻമാരിലേക്ക് അന്വേഷണം നീണ്ടത്. നടിയുടെ മൊഴിയിൽ നിന്ന് രാജ് കുന്ദ്രയുടെ കമ്പനിയിലെ ജീവനക്കാരനായ ഹേമന്ദ് കാമത്തിലേക്കും ഒടുവിൽ രാജ് കുന്ദ്രയിലേക്കും അറസ്റ്റ് നീളുകയായിരുന്നു. ജനുവരി അവസാനമാണ് പൊലീസിന് അശ്ലീല ചിത്ര റാക്കറ്റിനെക്കുറിച്ച്‌ പരാതി ലഭിക്കുന്നത്. അഭിനയമോഹവുമായി എത്തുന്ന യുവതീ യുവാക്കളെ കണ്ടെത്തി ബോളിവുഡിലും വെബ് സീരിസുകളിലും അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്തായിരുന്നു ചൂഷണം നടത്തിയിരുന്നത്.

Leave a Reply

Your email address will not be published.