പാർക്കിൽ ഒന്നിച്ചിരുന്ന് സംസാരിച്ചു എന്നാരോപിച്ച് സദാചാരക്കാർ പിടികൂടി വിവാഹം കഴിപ്പിച്ച യുവാവ് തൂങ്ങി മരിച്ചു. പശ്ചിമബംഗാളിലെ കൊൽക്കത്തയിലെ മാൽഡയിലാണ് ഈ സംഭവം അരങ്ങേറിയത്. മണിക് മണ്ഡേൽ എന്ന 20 വയസ്സുള്ള യുവാവാണ് നിർബന്ധിത വിവാഹത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് യുവാവും കാമുകിയും പാർക്കിൽ വച്ച് സംസാരിച്ചു നിൽക്കവേ ചില നാട്ടുകാർ ഇവരെ പിടികൂടുകയും സദാചാരം ചമഞ്ഞ് ഇവരെ നിർബന്ധിത വിവാഹം അടക്കമുള്ള രീതിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

പാർക്കിൽ ഇരുന്നു സംസാരിച്ച് പിടികൂടിയ നാട്ടുകാർ പഞ്ചായത്തിൽ വിവരമറിയിക്കുകയും പഞ്ചായത്ത് നേതാക്കന്മാർ യോഗം കൂടി ഇവരെ ഉടനെ തന്നെ വിവാഹം കഴിപ്പിക്കണം എന്ന തീരുമാനത്തിലെത്തുകയും ചെയ്തത്. എന്നാൽ കമിതാക്കൾ ഇതിനെ എതിർക്കുകയും അവരോട് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ ഇവരുടെ എതിർപ്പ് വകവെക്കാതെ അടുത്തുള്ള ക്ഷേത്രത്തിൽ വച്ച് നാട്ടുകാരുടെയും പഞ്ചായത്ത് നേതാക്കന്മാരുടെയും സാന്നിധ്യത്തിൽ ഇവരെ വിവാഹം കഴിപ്പിക്കുകയുമായിരുന്നു.
വിവാഹശേഷം ഇരുവരേയും നാട്ടുകാർ മണിക്കിന്റെ വീട്ടിൽ എത്തിക്കുകയും ചെയ്തു. എന്നാൽ യുവാവിൻ്റെ വീട്ടുകാർ വിവാഹം അംഗീകരിക്കാൻ തയ്യാറാകാതിരിക്കുകയും ഇവരെ വീട്ടിലേക്ക് കയറ്റില്ല എന്ന് നിലപാടെടുക്കുകയും ചെയ്തു. എന്നാൽ നാട്ടുകാർ വാക്ക് തർക്കങ്ങൾക്കൊടുവിൽ വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ ബലമായി ഇവരെ വീട്ടിനുള്ളിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. നാട്ടുകാർ പോയശേഷം മാണിക് നാണക്കേട് കാരണം ആത്മഹത്യ ചെയ്യുകയായിരുന്നു. നാട്ടിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാരാണ് ഇവരുടെ നിർബന്ധിത വിവാഹത്തിന് മുൻകൈയെടുത്തതെന്നും അവർ കാരണമാണ് മരണം സംഭവിച്ചതെന്നും നാട്ടുകാരിൽ ചിലർ കുറ്റപ്പെടുത്തി. യുവാവിനെ മരണത്തെ തുടർന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് പ്രാദേശിക നേതാക്കന്മാർക്ക് നേരെ ഉയരുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.