വരാനിരിക്കുന്ന ഓല ഇലക്ട്രിക് സ്കൂട്ടറിന് അതിൻ്റെ സമാരംഭത്തിന് മുന്നോടിയായി ലോകത്തിന്ന് മുന്നിൽ മതിയായ വാർത്ത സൃഷ്ടിക്കാൻ കഴിഞ്ഞു. കമ്പനിയുടെ സിഇഒ ഭവിഷ് അഗർവാളാണ് കഴിഞ്ഞ ദിവസം സ്കൂട്ടറിൻ്റെ ബുക്കിങ് ആരംഭിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇ-സ്കൂട്ടറിൻ്റെ ബുക്കിംഗ് തുക വെറും 499 രൂപയാണ്.

കേവലം 24 മണിക്കൂറിനുള്ളിൽ ഓല ഇലക്ട്രിക് സ്കൂട്ടർ ബുക്കിംഗ് ഒരു ലക്ഷം കവിഞ്ഞു. ഇന്ത്യൻ വാഹന വ്യവസായത്തിൽ ഇത് ഒരു പുതിയ റെക്കോർഡാണ്. ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ ഒരു ഇലക്ട്രിക് വാഹനത്തിന് ഇത്രയധികം ബുക്കിംഗ് രജിസ്റ്റർ ചെയ്യുന്നത് ഒരു ലോക റെക്കോർഡ് ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനത്തിന് ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളിൽ നിന്നുള്ള മികച്ച പ്രതികരണത്തിൽ താൻ സന്തോഷവാനാണെന്ന് ഓല ചെയർമാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗർവാൾ പറഞ്ഞു. “ലോകത്തെ സുസ്ഥിര ചലനാത്മകതയിലേക്ക് പരിവർത്തനം ചെയ്യാനുള്ള ഞങ്ങളുടെ ദൗത്യത്തിലെ വലിയ മുന്നേറ്റമാണിത്. ഓല സ്കൂട്ടർ ബുക്ക് ചെയ്ത് ഇവി വിപ്ലവത്തിൽ ചേർന്ന എല്ലാ ഉപഭോക്താക്കൾക്കും ഞാൻ നന്ദി പറയുന്നു. ഇത് ഒരു തുടക്കം മാത്രമാണ്!” – ഭവിഷ് അഗർവാൾ തൻ്റെ കുറിപ്പിൽ അറിയിച്ചു.
ബുക്കിങ് ആരംഭിച്ചിട്ടുണ്ടെങ്കിലും, വരാനിരിക്കുന്ന സ്കൂട്ടറിന് ഒരു ബ്രാൻഡ് നാമം കണ്ടെത്തിയിട്ടില്ല. സർക്കാരിൻ്റെ ഔദ്യോഗിക വ്യാപാരമുദ്ര രജിസ്ട്രി ബന്ധപ്പെട്ടിട്ടുള്ള ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഓല സീരീസ് എസ്, എസ് 1, എസ് 1 പ്രോ എന്നീ മൂന്ന് പേരുകൾക്കായി ഓല രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് ചില നാഷണൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്കൂട്ടറുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളൊന്നും തന്നെ ഓല ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.