പോൺ ചിത്രങ്ങളുമായി ബന്ധപ്പെട്ട കേസിൽ നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുണ്ട്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. അശ്ലീല ചിത്രങ്ങൾ സൃഷ്ടിക്കുന്നതും ചില ആപ്ലിക്കേഷനുകൾ വഴി പ്രസിദ്ധീകരിക്കുന്നതും ഉൾപ്പെടെയുള്ള കേസുകൾ ഈ വർഷം ഫെബ്രുവരിയിൽ മുംബൈ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്നു.

ഇതിൻ്റെ പ്രധാന ഗൂഡാലോചന നടത്തിയ ആളാണ് കുണ്ട്രയെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ചയാണ് മുംബൈ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാൾക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്നും, കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
എന്നാൽ അറസ്റ്റ് സംബന്ധിച്ച് ശിൽപ ഷെട്ടി ഔദ്യോഗികമായി ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല. രാജ് കുണ്ട്രക്കെതിരെ മുൻപും പല വഴിവിട്ട ബന്ധങ്ങളും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ഇപ്പോഴാണ് അറസ്റ്റ് നടക്കുന്നത്.
ഐപിസി 420 (വഞ്ചന), 34 (പൊതുവായ ഉദ്ദേശ്യം), 292, 293 (അശ്ലീലവും നീചവുമായ പരസ്യങ്ങളും പ്രദർശനങ്ങളുമായി ബന്ധപ്പെട്ട) വകുപ്പുകൾ പ്രകാരമാണ് രാജ് കുണ്ട്രയ്ക്കെതിരെ മുംബൈ പോലീസ് നിലവിൽ കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിനെ ചുറ്റിപ്പറ്റിയുള്ള വാതുവയ്പ്പ്, സ്പോട്ട് ഫിക്സിംഗ് അഴിമതിയുമായി ബന്ധപ്പെട്ട് 2013 ൽ ദില്ലി പോലീസ് രാജ് കുണ്ട്രയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇതിൽ പിന്നീട് ഒന്നും തന്നെ സംഭവിച്ചിരുന്നില്ല.
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടീമായ രാജസ്ഥാൻ റോയൽസിൻ്റെ സഹ ഉടമയും ജെ എൽ സ്ട്രീം എന്ന ആപ്ലിക്കേഷൻ്റെ ഉടമയുമാണ് രാജ് കുണ്ട്ര. ബോളിവുഡ് താര നായികയായ ശിൽപ ഷെട്ടിയും വ്യവസായിയുമായിരുന്ന രാജ് കുണ്ട്രയും തമ്മിലുള്ള വിവാഹം 2009 ലാണ് കഴിഞ്ഞത്. രണ്ട് കുട്ടികളാണ് ദമ്പതികൾക്ക് ഉള്ളത്. മകൻ വിയാൻ രാജ് കുണ്ട്രയും മകൾ സമിഷയും ആണ് മക്കൾ.