മൊബൈൽ ഗെയിം കളിക്കാൻ പണം നൽകാത്തതിനെ ചൊല്ലി തർക്കം; സഹോദരനെ കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

കൊൽക്കത്ത: മൊബൈൽ ഗെയിം കളിക്കാൻ പണം നൽകാൻ വിസമ്മതിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സഹോദരനെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ഞായറാഴ്ച രാവിലെ പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂർ ജില്ലയിലെ സുൽത്താൻപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. മൊബൈൽ ഗെയിമുകൾ കളിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ചന്ദ്രകാന്ത മൊണ്ടാൽ സഹോദരൻ സൂര്യകാന്തയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. സഹോദരനെ കൊന്ന ശേഷം ചന്ദ്രകാന്ത വിഷം കഴിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ചന്ത്രകാന്ത മരിക്കുകയായിരുന്നു.

ഇവർ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ അവരുടെ അമ്മയ്ക്കും പരിക്കേറ്റു. ചന്ദ്രകാന്ത ഒരു ഓൺലൈൻ കോംബാറ്റ് മൊബൈൽ ഗെയിമിന് അടിമയാണെന്ന് ബന്ധുക്കൾ പറഞ്ഞു. അടുത്തിടെയായി മൊബൈൽ ഗെയിമിന് അടിമയായി മാറിയ ചന്ദ്രകാന്ത, ഇടയ്ക്ക് വീട്ടുകാരെ ആക്രമിക്കുന്നത് പതിവായിരുന്നു. ഇതേത്തുടർന്ന് മൂത്ത സഹോദരനായ സൂര്യകാന്ത തൻ്റെ സഹോദരനെ ഭയന്ന് കഴിഞ്ഞയാഴ്ച ബന്ധു വീട്ടിലേക്ക് മാറുകയും ചെയ്തിരുന്നു. ഓൺലൈൻ വീഡിയോ ഗെയിമുകൾ കളിക്കാൻ ചന്ദ്രകാന്ത വീട്ടുകാരിൽനിന്ന് പണം ആവശ്യപ്പെടുകയും, അതേചൊല്ലി വഴക്കുണ്ടാക്കുകയും ചെയ്യുന്നത് നിത്യസംഭവമാണെന്ന് സമീപവാസികൾ പറയുന്നു.

കൊൽക്കത്തയിലെ ബന്ധുവീട്ടിലേക്ക് മാറിയ സൂര്യകാന്ത കഴിഞ്ഞ ദിവസമാണ് സുൽത്താൻപൂർ ഗ്രാമത്തിലെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയത്. ശനിയാഴ്ച രാത്രി മൊബൈൽ ഗെയിം കളിക്കാനായി പണം ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ചന്ദ്രകാന്ത സൂര്യകാന്തയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച്‌ കുത്തുകയായിരുന്നു. തുടർന്ന് ചന്ദ്രകണ്ഠ അവിടെ നിന്ന് ഓടിപ്പോയി വിഷം കഴിക്കുകയായിരുന്നു. അടുത്തുള്ള വയലിൽ ഒരു കുപ്പി വിഷവും സൈക്കിളുമായി അബോധാവസ്ഥയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഭഗവാൻപൂർ ഗ്രാമീണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് താലൂക് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ ചന്ദ്രകാന്ത മരണപ്പെട്ടു.

മൊണ്ടലിൻ്റെ വീട്ടിൽ നിന്ന് നിലവിളി കേട്ടതായി അയൽക്കാർ പറഞ്ഞു. സൂര്യകാന്ത സംഭവസ്ഥലത്ത് തന്നെ മരിച്ചപ്പോൾ ഗുരുതരമായി പരിക്കേറ്റ അമ്മയ്ക്ക് 12 തുന്നലുകൾ വേണ്ടിവന്നു. അമ്മ ഇപ്പോഴും അബോധാവസ്ഥയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published.