പീഡന ശ്രമം എതിർത്ത വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം: പീഡന ശ്രമത്തിനിടെ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കടയ്ക്കാവൂർ സ്വദേശിനിയായിരുന്ന ശാരദയെ കൊലപ്പെടുത്തിയ കേസിലാണ്  കീഴാറ്റിങ്ങൽ അപ്പുപ്പൻനട ക്ഷേത്രത്തിന് സമീപം ചുരുവിള പുത്തൻവീട്ടിൽ മണികണ്ഠനെ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം കഠിന തടവിന് പുറമെ അഞ്ചു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2016 ഡിസംബർ 9 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കൊല്ലപ്പെട്ട ശാരദ ഭർത്താവിൻ്റെ മരണത്തെ തുടർന്ന് വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി ഒൻപത് മണിക്ക് പ്രതി വെള്ളം ആവശ്യപ്പെട്ട് ശാരദയുടെ വീട്ടിലെത്തുകയായിരുന്നു. വെള്ളം നൽകുന്നതിനിടെ ഇയാൾ ശാരദയെ പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പീഡനശ്രമം എതിർത്ത ശാരദ നിലവിളിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തപ്പോൾ പ്രതി തൻ്റെ കൈവശം ഉണ്ടായിരുന്ന കത്തി കൊണ്ട് ശാരദയെ നെഞ്ചിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. 

വീട്ടമ്മ കൊല്ലപ്പെട്ട മൂന്നാം ദിവസം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ കുറ്റസമ്മത മൊഴി അനുസരിച്ച്‌ പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത വസ്ത്രങ്ങളിൽ കണ്ട മനുഷ്യരക്തം കൊല്ലപ്പെട്ട ശരദയുടേതാണെന്ന് രാസ പരിശോധനയിൽ തെളിഞ്ഞത് കേസിൽ നിർണ്ണായക വഴിത്തിരിവായി. വിചാരണ വേളയിൽ പ്രതിക്ക് ജാമ്യം കൊടുക്കരുത് എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രോസിക്യൂഷൻ്റെ ആവശ്യം വിചാരണ കോടതി അനുവദിച്ചു. ഇതിനെതിരെ പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം അനുവദിച്ചില്ല.

ദൃക്സാക്ഷികൾ ഇല്ലാത്ത ശാരദ കൊലക്കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷൻ കോടതയിൽ ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദീൻ ആണ് ഹാജരായത്.

Leave a Reply

Your email address will not be published.