കാസർഗോഡ് പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർകൂടി അറസ്റ്റിൽ; പിടിയിലായവരുടെ എണ്ണം എട്ടായി

കാസർകോട് : നഗരത്തിന് സമീപത്തെ 14 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ അസീസ്, സുബ്ബ, വാസുദേവ ഗെട്ടി എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ ആകെ പിടിയിലായവരുടെ എണ്ണം എട്ടായി. അബൂബകർ, സി അബ്ബാസ്, മുഹമ്മദ് ഹനീഫ, സി എ അബ്ബാസ്, ഉസ്മാൻ എന്നിവരാണ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത മറ്റ് അഞ്ചു പേർ.

ഇക്കഴിഞ്ഞ ജൂൺ 26ന് റഹ്‌മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടിൽ വച്ച്‌ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അബൂബക്കറെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ മൂന്നാഴ്ചയ്ക്കിടെ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം എട്ടായി വർധിച്ചു. ഇനിയും പ്രതികൾ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

പീഡനത്തിന് ഇരയായ പെൺകുട്ടിയെയും അനുജനെയും കാറിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ടതിനെ തുടർന്ന് പ്രദേശത്തുണ്ടായിരുന്നവർ സി അബ്ബാസിനെ പിടികൂടി പൊലീസിൽ ഏൽപിച്ചതോടെയാണ് പീഡനം വിവരം പുറത്ത് വരുന്നത്. തുടർന്നാണ് പ്രതികൾ ഒന്നൊന്നായി പോലീസിൻ്റെ  പിടിയിലാകുന്നത്. സഹോദരനെ ചോക്ലേറ്റും മറ്റും നൽകി കാറിലിരുത്തി പെൺകുട്ടിയെ മുറിയിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

പന്തൽ ജോലി ചെയ്യുന്ന, കേസിലെ ഒരു പ്രതി ബിരിയാണിയും മറ്റും നൽകിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. കാസർകോട് വനിതാ സ്റ്റേഷൻ കേന്ദ്രീകരിച്ച്‌ വെവ്വേറെ കേസുകൾ റെജിസ്റ്റർ ചെയ്താണ് പോലീസ് അന്വേഷണം നടത്തി വരുന്നത്.

പെൺകുട്ടി ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിയുകയാണ്. പെൺകുട്ടിയുടെ വീട്ടിലെ ദാരിദ്യം മുതലെടുത്താണ് മധ്യവയസ്‌കരായ പ്രതികൾ സ്വന്തം മകളുടെ പോലും പ്രായമില്ലാത്ത ഈ പെൺകുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published.