വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ, ഇതൊരു ജനാധിപത്യ രാജ്യമാണ്. മാലിക്കിനെക്കുറിച്ച് മാല പാര്‍വതി.

മഹേഷ് നാരായണന്‍ സംവിധാനം നിര്‍വഹിച്ച  മാലിക്ക് എന്ന ചിത്രം ഒരേ സമയം വിമര്‍ശനശരങ്ങളും  അത്രതന്നെ അഗീകാരങ്ങളും നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സിനിമ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ ചേരിതിരിവിനെ ചിലര്‍ നഖശിഖാന്തം എതിര്‍ക്കുമ്പോള്‍  മാലിക്ക് എന്ന സിനിമ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തിന്‍റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്ത് സമൂഹത്തിന്‍റെ പല തുറയിലുള്ളവര്‍ ഇതിനോടകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. പ്രശസ്ത സംവിധായകനായ ഒമര്‍ ലുലു കഴിഞ്ഞ ദിവസ്സം ഈ സിനിമ മുന്നോട്ട് വയ്ക്കുന്ന ആശയം ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന അഭിപ്രായമായി മുന്നോട്ട് വന്നിരുന്നു.     

എന്നാല്‍ മാലിക്കുമായി ബന്ധപ്പെട്ട് പൊതു സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ചര്‍ച്ചയില്‍ തന്‍റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് പ്രശസ്ത നടിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാ പാര്‍വ്വതി. ഒരു സംവിധായകന് താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രേക്ഷകരോട് നേരിട്ട് സംവദിക്കുവാനുള്ള അധികാരമുണ്ട്. അതുപോലെ തന്നെ കാഴ്ച്ചക്കാര്‍ക്ക് ഈ ചിത്രത്തെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. വിമര്‍ശനങ്ങള്‍ ഇനിയും ഉണ്ടാകട്ടെ,   വിമര്‍ശനവും ചര്‍ച്ചയും നമ്മുടെ നാട്ടില്‍ സര്‍വ സാധാരണമാണ്.  

ചിത്രത്തിന്‍റെ സംവിധായകന്‍ പറഞ്ഞു വയ്ക്കുന്നത് നമ്മുടെ നാട്ടില്‍  വര്‍ഗീയ കലാപമുണ്ടാക്കുന്നത് സര്‍ക്കാരും അവരുടെ ഉപകരണമായ പൊലീസും ചേര്‍ന്നാണ്. അല്ലാതെ സാധാരണ മനുഷ്യന്‍മാര്‍  തമ്മില്‍ യുദ്ധങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല എന്നാണ്. മുൻപ് ആഷിഖ് അബു സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന്  നേരെ ഒരു വിഭാഗം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുന്‍പൊന്നും ഇല്ലാത്തവിധമുള്ള എതിര്‍പ്പുമായി വന്നിരുന്നു. ചിത്രീകരണം തുടങ്ങും മുൻപ് തന്നെ നിരവധി വിമര്‍ശങ്ങള്‍ ഉയര്‍ന്നു വന്നു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അതുകൊണ്ട് തന്നെ ഇവിടെ ആര്‍ക്കും സിനിമ ചെയ്യാനുള്ള അവകാശം ഉണ്ട്. വിമര്‍ശനങ്ങളും ചോദ്യങ്ങളും ഉണ്ടാകട്ടെ. പക്ഷേ ഒരിയ്ക്കലും സിനിമ ചെയ്യരുത് എന്ന് പറയരുത്. സിനിമയ്ക്ക് എന്ത് ഉള്ളടക്കം നിശ്ചയിക്കണമെന്നത് സംവിധായകൻ്റെ  മാത്രം സ്വാതന്ത്ര്യമാണെന്നും മാലാപാര്‍വ്വതി പറയുന്നു.

Leave a Reply

Your email address will not be published.