അനിതരണ സാധാരണമായ അഭിനയത്തിന് പുറമേ വിനയം കൊണ്ടും തന്റെ ആരാധകരോടുള്ള പെരുമാറ്റം കൊണ്ടും ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ നടനാണ് വിജയ്. തന്റെ ആരാധകരെ എന്നും നെഞ്ചോട് ചേർത്ത് നിര്‍ത്താറുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം എല്ലാക്കാലത്തും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. എന്നാല്‍ അദ്ദേഹത്തിന് തൻ്റെ കുടുംബത്തോടുള്ള കരുതലും സ്നേഹവും എത്രത്തോളമുണ്ടെന്ന് പറയുകയാണ് പ്രശസ്ത തെന്നിന്ത്യന്‍ താരം നാസര്‍.

എന്നെന്നേക്കുമായി ഓര്മ നഷ്ടപ്പെട്ടുപോയ മകന് ആകെ തിരിച്ചറിയാന്‍ കഴിയുന്നത് വിജയ്യെ മാത്രം ആണെന്നും എല്ലാ വര്‍ഷവും മുടങ്ങാതെ മകൻ്റെ ജന്മദിനത്തില് വിജയ് പതിവായി എത്താറുണ്ടെന്നും നാസര്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.
വിജയ്യുടെ വലിയ ആരാധകനായിരുന്നു തന്റെ മകനെന്ന് നാസര്‍ പറയുന്നു. ഒരു അപകടത്തില്‍ പെട്ട് ഓര്മ നശിച്ചുപോയ മകന് ഇന്നും പൂര്‍ണമായി ഓര്മ തിരികെ കിട്ടിയിട്ടില്ല. എന്നാല്‍ ആകെ ഓര്മയുള്ളത് വിജയ്യെ മാത്രമാണെന്നും വിജയ് എന്ന പേര് പറഞ്ഞ് എല്ലായിപ്പോഴും ബഹളം വയ്ക്കുക പതിവായിരുന്നെന്നും അദ്ദേഹം പറയുന്നു. താന്‍ ആദ്യം കരുതിയത് മകന്റെ കൂട്ടുകാരന് വിജയ്യുടെ കാര്യമാകും പറയുന്നത് എന്നായിരുന്നു. പിന്നീടാണ് അത് നടന് വിജയ് ആണെന്ന് മനസിലാക്കാന്‍ കഴിഞ്ഞതെന്നും നാസര്‍ പറയുന്നു.
വിജയ് അഭിനയിച്ച ചിത്രത്തിലെ പാട്ടു വയ്ക്കുംബോഴാണ് മകന് ശാന്തനാകാറുള്ളതെന്നും തന്റെ വീട്ടില്‍ എല്ലായിപ്പോഴും വിജയ്യുടെ പാട്ടുകളാണ് വയ്ക്കുന്നതെന്നും നാസര്‍ പറയുന്നു. താന്‍ വിജയ്യെ നേരില്‍ കണ്ടപ്പോള്‍ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഇത് പറഞ്ഞപ്പോള്‍ വളരെ വികാരഭരിതമായാണ് വിജയ് കേട്ടിരുന്നതെന്നും ഇപ്പോള്‍ എല്ലാ വര്‍ഷവും മകൻ്റെ ജന്മദിനത്തില് അദ്ദേഹം പതിവായി എത്തുകയും മകന് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട്. തന്റെ മകന് ജീവിതത്തിലേയ്ക്ക് തിരിച്ചുവരാന്‍ കാരണം വിജയ് ആണെന്നും അദ്ദേഹം ഇതൊനോട് ചേര്‍ത്തു പറഞ്ഞു.