ഒരു മരം മുറിക്കുന്നതിന് ആധാരം പണയം വെക്കേണ്ട അവസ്ഥ ; ഒടുവിൽ മന്ത്രി നേരിട്ട് ഇടപെട്ടു !

ഒരു മരം മുറിക്കുന്നതിന് മരം വെട്ടുകാർ ആവശ്യപ്പെട്ട തുക കേട്ട് ഞെട്ടിയിരിക്കുകയാണ് വില്ലേജ് അധികൃതർ. സംഭവം വേറെങ്ങുമല്ല, കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ ആണ് സംഭവം.

ഏറ്റുമാനൂർ വില്ലേജ് ഓഫീസിൻ്റെ പരിസരത്തുള്ള കൂറ്റൻ വാക മരം മുറിക്കുന്നതിനാണ് ഈ തുക ആവശ്യപ്പെട്ടിട്ടുള്ളത്. അപകടാവസ്ഥയിലായ ഈ മരം ഏതുനിമിഷവും മുറിഞ്ഞു വീഴും എന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മരം മുറിക്കാൻ തയ്യാറെടുത്തത്. മരം മുറിച്ചു കളയാൻ കരാറുകാരെ സമീപിച്ചെങ്കിലും അവരുടെ കൂലി കേട്ട് മൂക്കത്ത് വിരൽ വെച്ചിരിക്കുകയാണ് വില്ലേജ് അധികൃതർ. ദ്രവിച്ചു തുടങ്ങിയ ഈ മരത്തിൻ്റെ അപകടാവസ്ഥ കണ്ട് പലരെയും അധികൃതർ സമീപിച്ചെങ്കിലും അവരും ഈ ഉയർന്ന തുകയിൽ ഉറച്ചുനിൽക്കുകയായിരുന്നു. മുറിച്ചുമാറ്റാതിരുന്നാൽ വൻ അപകടം സംഭവിക്കാവുന്ന രീതിയിലുള്ള ഈ മരം അധികൃതർക്ക് തലവേദനയായി മാറിയിരിക്കുകയായിരുന്നു. ഈ സംഭവത്തെപ്പറ്റി റവന്യൂ അധികൃതരെ അറിയിച്ചെങ്കിലും കാര്യമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ യാദൃശ്ചികമായി സഹകരണ മന്ത്രി വി എൻ വാസവൻ സംഭവം അറിയുകയും ഈ പ്രശ്നത്തിന് തീർപ്പ് കൽപ്പിക്കുകയും ചെയ്യുകയായിരുന്നു.

കഴിഞ്ഞദിവസം ഏറ്റുമാനൂർ പ്രസ് ക്ലബ് സന്ദർശിക്കാനെത്തിയ മന്ത്രിയെ കണ്ട് വില്ലേജ് ജീവനക്കാർ കാര്യമുണർത്തുകയും വില്ലേജ് ഓഫീസറുമായി മന്ത്രി സ്ഥിതിഗതികൾ മനസ്സിലാക്കുകയും ചെയ്തു.ഉടൻതന്നെ യുദ്ധകാലാടിസ്ഥാനത്തിൽ മരം മുറിക്കാനുള്ള നടപടികൾ മന്ത്രിയുടെ നേതൃത്വത്തിൽ തുടങ്ങി. ജില്ലാ കളക്ടർ ഡോ : പി കെ ജയശ്രീയുമായി മന്ത്രി ഫോണിൽ സംസാരിക്കുകയും അഗ്നിരക്ഷാ സേനാംഗങ്ങളെ ഉപയോഗിച്ച് മരം മുറിക്കാൻ നിർദ്ദേശം നൽകുകയും ചെയ്യുകയായിരുന്നു. മന്ത്രിയുടെ ഇടപെടലിലൂടെ വലിയൊരു തലവേദന ഒഴിഞ്ഞ ആശ്വാസത്തിലാണ് ഏറ്റുമാനൂർ വില്ലേജ് അധികൃതർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ നിന്നും വൻഭൂരിപക്ഷത്തോടെ ആണ് വി എൻ വാസവൻ തിരഞ്ഞെടുക്കപ്പെടുന്നതും രണ്ടാം പിണറായി മന്ത്രിസഭയിൽ സഹകരണം രജിസ്ട്രേഷൻ എന്നീ വകുപ്പുകളുടെ മന്ത്രിയായി സ്ഥാനമേൽക്കുന്നതും.

Leave a Reply

Your email address will not be published.