ദിവസങ്ങൾ ആയി മൃതദേഹങ്ങളുടെ കൂടെയാണ് ഉറക്കം, ചില സമയങ്ങളിൽ ഒരു തരം മരവിപ്പ് മാത്രം

ഈ കോവിഡ്‌കാലം സംസ്ഥാനത്ത് നിന്ന് കവർന്ന ജീവനുകൾ പതിനയ്യായിരം കടക്കുന്നു. അത് സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്ക് മാത്രം. സ്വന്തബന്ധങ്ങൾ ഇല്ലാതെ വഴിയിൽ കിടന്നും കണക്കിൽ രേഖപ്പെടുത്താതെയും മരിച്ച എത്രയോ ആളുകൾ. ശ്മശാനങ്ങളിൽ വെന്ത് വെണ്ണീറായി യാത്രയായവർ ഔദ്യോഗിക കണക്കുകളെക്കാൾ കൂടുതൽ സത്യസന്ധമായ കണക്കുകൾ നൽകും. കോഴിക്കോട് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ആയിരത്തിലേറെ കോവിഡ് മൃതദേഹങ്ങളാണ് സംസ്കരിച്ചത്.

തങ്ങളുടെ കുട്ടിക്കാലം മുതൽ അച്ഛനോടൊപ്പം ശ്മശാനത്തിൽ വരുമായിരുന്നു. എന്നാൽ മരണത്തിൻ്റെ  ഭീകര മുഖം കാണുന്നത് കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിലാണ്. അതുവരെ ഇതിൻ്റെ  നടത്തിപ്പ് സാധാരണ നിലയിൽ ആയിരുന്നു. ഒരു ദിവസം നാലോ അഞ്ചോ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നതിൽ നിന്ന് കോവിഡ് കാലത്ത് 15 മുതൽ 20 മൃതദേഹങ്ങൾ വരെ ദിനം പ്രതി സംസ്കരിക്കേണ്ട അവസ്ഥ വന്നു. ഏതു നേരവും മൃതദേഹം എത്തും.അതുകൊണ്ട് ഊണും ഉറക്കവും എല്ലാം ഇവിടെ തന്നെ ആയിരുന്നു. ഈ അസാധാരണ കാലത്തെ കുറിച്ച് ശ്മശാനം നടത്തിപ്പുകാരായ കെ.വി.സുനിൽ കുമാറും കെ.വി.അജിത് കുമാറും ഭീതിയോടെ പറയുന്നു.

കോഴിക്കോട് ജില്ലാ കോർപറേഷൻ പരിധിയിലെയും സമീപ പഞ്ചായത്തുകളിലെയും ആയിരത്തിനു മേലെ വരുന്ന മൃതദേഹങ്ങൾ ഇതിനോടകം ഇവിടെ സംസ്കരിച്ചു കഴിഞ്ഞു. കോവിഡിന് മുൻപ് ഹിന്ദുക്കൾ മാത്രമായിരുന്നു മൃതദേഹം സംസ്കരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാ മതസ്ഥരും ഇവിടെ മൃതദേഹം സംസ്കരിക്കാൻ കൊണ്ട് വരുന്നുണ്ട്.

കോവിഡിൻ്റെ  തുടക്കത്തിൽ കർശനമായ നിയന്ത്രണങ്ങളും മറ്റും നിലനിന്നപ്പോൾ മരിച്ച ആളിൻ്റെ  ബന്ധുക്കൾക്കാർക്കും മൃതദേഹം കാണാൻ അനുവാദം ഉണ്ടായിരുന്നില്ല. മരണം അറിഞ്ഞ് വന്നിട്ട് അവസാനമായി ഒന്ന് കാണാൻ പോലും കഴിയാതെ ഗേറ്റിന് മുന്നിൽ നിന്ന് കരഞ്ഞവരുണ്ട്. അകലെ നിന്ന് ആദരാഞ്ജലികൾ അർപ്പിച്ചു മടങ്ങാൻ വിധിക്കപ്പെട്ടവർ. ബന്ധുക്കൾക്ക് ചെയ്യാൻ കഴിയാത്ത അന്ത്യകർമങ്ങൾ കൃത്യമായി ഓരോരുത്തർക്കും ചെയ്യുമ്പോൾ അത് തങ്ങളുടെ ഏറ്റവും വലിയ ഉത്തരവാദിത്തമായി കണ്ടാണ് ചെയ്തത് എന്ന് ഈ സഹോദരങ്ങൾ പറയുന്നു.

കോവിഡ് ബാധിച്ച് മരിച്ച ദമ്പതികളെയും അമ്മയെയും മക്കളെയും എല്ലാം ഒന്നിച്ച് സംസ്കരിച്ചിട്ടുണ്ട്. ഇരട്ടക്കുട്ടികളെയും അവരുടെ അമ്മയെയും അടക്കിയതും മറക്കാൻ കഴിയുന്നതല്ല. പ്രായമായവരും ചെറുപ്പക്കാരുമെല്ലാം ഈ കൂട്ടത്തിലുണ്ട്. അവർ പറയുന്നു.

സാധാരണ മരണങ്ങളെക്കാൾ കൂടുതൽ സമയം ഇത്തരം മൃതദേഹങ്ങൾ കത്തിത്തീരാൻ എടുക്കാറുണ്ട്. അതുവരെ തീയും പുകയും കൊണ്ട് അടുത്ത് നിൽക്കണം. സംസ്കരിച്ചതിനു ശേഷം അസ്ഥികൾ ശേഖരിച്ച് ബന്ധുക്കൾ വന്നു വാങ്ങുന്നതുവരെ സൂക്ഷിക്കണം. ഏറ്റുവാങ്ങാൻ വരാത്തവരുടെ ചിതാഭസ്മം ഒന്നിച്ച് ഒഴുക്കും. മൃതദേഹങ്ങൾ സംസ്കരിക്കാൻ നിവൃത്തിയില്ലാത്ത കുടുംബങ്ങൾക്ക് വേണ്ടി ഒരു രൂപ പോലും വാങ്ങാതെ സംസ്കാരം നടത്തിക്കൊടുത്തിട്ടുണ്ട്. അതിന് വേണ്ടി ചിലവാകുന്നതെല്ലാം സ്വന്തം കൈയിലെ കാശുകൊണ്ട് ചെയ്തു കൊടുത്തിട്ടുണ്ട് ഇവർ.

ഓരോ ദിവസത്തെയും വിവരങ്ങൾ ശ്മശാനങ്ങളിലെ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഈ ഒരു ശ്മശാനത്തിലെ കാര്യം മാത്രമല്ല ഇത്. എല്ലായിടങ്ങളിലെയും അവസ്ഥ ഇതൊക്കെ തന്നെയാണ്. മരണം കണ്ട് മനസ്സ് മരവിച്ചു തുടങ്ങിയ ശ്മശാനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ആഗ്രഹം ഇനിയും കോവിഡ് മരണങ്ങൾ ഉയരരുതേ എന്നാണ്.

Leave a Reply

Your email address will not be published.