ആശുപത്രിയുടെ അഞ്ചാം നിലയിലേക്ക് ഒരു ഓട്ടോറിക്ഷ ഓടിച്ചു കയറ്റി, തിരിച്ചിറങ്ങാൻ വരുന്ന വഴിയിൽ കുടുങ്ങി !

മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലാ ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം വിചിത്രമായ സംഭവം അരങ്ങേറിയത്. ആശുപത്രിയുടെ അഞ്ചാം നിലയിലേക്ക് ഒരു ഓട്ടോറിക്ഷ ഓടിച്ചു കയറ്റുകയായിരുന്നു. എന്നാൽ, അഞ്ചാം നിലയിൽ എത്തിയ ഓട്ടോറിക്ഷ തിരിച്ച് താഴേക്ക്‌ വരുന്ന വഴിയിൽ റാമ്പിൽ കുടുങ്ങി. ഇത്‌ രോഗികൾക്ക് ഒരുപാട് സമയം അസൗകര്യമുണ്ടാക്കി.

ശനിയാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോക്ക്‌ ആസ്പദമായ സംഭവം നടന്നത്. ഓട്ടോറിക്ഷ താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്ന വീഡിയോ ഞായറാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. തുടർന്ന് ജില്ലാ ആശുപത്രി ഭരണകൂടം ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

ആശുപത്രിയിലേക്ക് മരുന്നുകളുമായി എത്തിയ ഓട്ടോറിക്ഷ, മരുന്നുകൾ ഇറക്കിവെക്കാൻ ഗേറ്റിലുള്ള ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിന് മുതിരാതെ ഇരുന്നതോടെയാണ് റാംപിലൂടെ അഞ്ചാം നിലയിലേക്ക് വാഹനം ഓടിച്ചു കയറ്റിയത് എന്ന് ഡ്രൈവർ പറയുന്നു. തുടർന്ന് താഴേക്കുള്ള വഴിയിൽ ഓട്ടോറിക്ഷ നാലാം നിലയിൽ കുടുങ്ങുകയായിരുന്നു. എന്നാൽ, സംഭവത്തിൽ ദുരൂഹത ആരോപിക്കുകയാണ് ആശുപത്രി അധികൃതർ. ഓട്ടോറിക്ഷ കയറി പോയത് ജീവനക്കാർ ആരും തന്നെ അറിഞ്ഞിരുന്നില്ല എന്നാണ് ആശുപത്രി അധികൃതരുടെ വാദം.

ഒരു സന്ദർശകൻ ഈ ദൃശ്യങ്ങൾ പകർത്തുകയും, അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയുമാണ് ഉണ്ടായത്. ഇതേ തുടർന്ന്, ആരാണ് ആശുപത്രിയുടെ അകത്തേക്ക് ഓട്ടോറിക്ഷയെ അനുവദിച്ചതെന്ന ചോദ്യം സമൂഹ മാധ്യമങ്ങളിൽ നിരവധി ആളുകൾ ഉന്നയിച്ചു. ആശുപത്രിയുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ചയാണെന്നുമെല്ലാം പല കോണുകളിൽ നിന്നും ഉയർന്ന സാഹചര്യത്തിൽ ആശുപത്രി അധികൃതരുടെ പരാതിയുടെ മേൽ പോലീസ് അന്വേഷണം ആരംഭിച്ചു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം റിപ്പോർട്ട് അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാൻ ആശുപത്രി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റീജിയണൽ മെഡിക്കൽ ഓഫീസർ (ആർ‌എം‌ഒ) ചിന്ദ്വാരയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Leave a Reply

Your email address will not be published.