ഫഹദ് ഫാസില്‍ നായകവേഷം ചെയ്ത് മഹേഷ് നാരായണൻ രചനയും സംവിധാനവും നിര്‍വഹിച്ച് അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് മാലിക്. മികച്ച വരവേല്‍പ്പാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2009ല്‍ ബീമാപ്പള്ളിയില്‍ നടന്ന പോലീസ് വെടിവെപ്പിനെ ആധാരമാക്കിയാണ് ചിത്രം നിര്‍വഹിച്ചിരിക്കുന്നത്. ഈ സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് കൊച്ചി, തിരുവനന്തപുരം, ലക്ഷദ്വീപ് എന്നീ പ്രദേശങ്ങളിലാണ്. 2009ലെ രാഷ്ട്രീയവും സമുദായികവുമായ പ്രശ്നങ്ങളെ മറ്റൊരു അങ്കിളിലൂടെ നോക്കിക്കാണുകയാണ് ചിത്രം ചെയ്യുന്നത്. മാലിക് മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. ചിത്രത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര് രംഗത്തെത്തി. ഇതിനെച്ചൊല്ലി വിഭിന്ന രാഷ്ട്രീയ ചേരിയിലുള്ളവര്‍ തമ്മില്‍ ശക്തമായ വാക്ക്വാദങ്ങള്ക്കും വഴി വച്ചു. ഇപ്പോഴിതാ മാലിക്കിനെ അതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് പ്രശസ്ത സംവിധായകനായ ഒമര്‍ ലുലു രംഗത്തെത്തിയിരിക്കുകയാണ്.

സിനിമ സംവിധായകൻ്റെ കലയാണ് എന്ന ഒറ്റ കാരണം കൊണ്ട് തന്നെ നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ നമുക്ക് അത് അംഗീകരിക്കാന്‍ പറ്റുമോ എന്നാണ് അദ്ദേഹം പങ്ക് വച്ച ഫെയിസ് ബുക്ക് കുറിപ്പില്‍ പറയുന്നത്. ചിത്രത്തിനെ ന്യായീകരിച്ച് കൊണ്ട് പഴശ്ശീരാജയുടെയോ ചന്തുവിൻ്റെയോ കഥ പറഞ്ഞു വരുന്നവര്‍ മനസ്സിലാക്കേണ്ടത്, മാലിക്ക് എന്ന സിനിമയില്‍ പ്രതിപാതിച്ചിരിക്കുന്ന വെടിവെപ്പിന് ആസ്പദമായ സംഭവം നടന്നത് 2009ൽ മാത്രമാണ്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടുപോയവരുടെ വേദനപേറി ജീവിക്കുന്ന ഒരുപാട് പേർ ഇപ്പൊഴും അവിടെ ഉണ്ട്. ആ പരിഗണനയെങ്കിലും നല്കി യാഥാർത്ഥ്യത്തോട് 50% എങ്കിലും സത്യസന്ധത പുലർത്തണമായിരുന്നു, അതിന് ചരിത്രപുസ്തകം നോക്കേണ്ട കാര്യമില്ല , ഇപ്പോള്‍ നാട്ടിൽ ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ടവര്‍ നഷ്ട്ടപെട്ട , 10 പേരോട് ചോദിച്ചാൽ മതിയെന്നും ഒമര്‍ ലുലു പങ്ക് വച്ച കുറിപ്പില്‍ പറയുന്നു.
