എൻ്റെത് ഒരു തിരിച്ചുവരവാണെന്ന് ഒന്നും തോന്നുന്നില്ല, എല്ലാവരും പറയുമ്പോഴാണ് താൻ അതിനെപ്പറ്റി ചിന്തിക്കുന്നത്; മാലിക് വിശേഷങ്ങളുമായി നടി ജലജ

കൊച്ചി: 26 വർഷത്തെ ഇടവേളയ്ക്ക് ശേഷം അതിഗംഭീരമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി ജലജ. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ നായകനായ മാലികിൽ കേന്ദ്ര കഥാപാത്രമായ അലി ഇക്കയുടെ ഉമ്മയായ ജമീലയായാണ് നടി ജലജ അതിഗംഭീരമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. എന്നാൽ തൻ്റെത് ഒരു തിരിച്ചുവരവായി തോന്നിയിട്ടില്ലെന്നും എല്ലാവരും പറയുമ്പോഴാണ് താൻ അതിനെപ്പറ്റി ചിന്തിക്കുന്നതെന്നും നടി ജലജ പറയുന്നു.

‘എല്ലാവരും പറയുമ്പോഴാണ് ഈ തിരിച്ചുവരവിനെപ്പറ്റി ഞാൻ ആലോചിക്കുന്നത്. എന്തിനാണ് ഈ തിരിച്ചുവരവ് എന്ന് പറയുന്നത് എന്ന് മനസ്സിലാകുന്നില്ല. 26 വർഷം വലിയൊരു ഇടവേള തന്നെയാണെങ്കിലും എനിക്ക് ഇതൊരു തിരിച്ചുവരവായിട്ടൊന്നും തോന്നിയിട്ടില്ല. കുറച്ച്‌ നാൾ ഒന്ന് മാറിനിന്നു. പിന്നെ വീണ്ടും വന്നു എന്നേ എനിക്ക് അങ്ങനെയാണ് തോന്നുന്നത്. വളരെയധികം ആത്മസംതൃപ്തി തന്ന സിനിമയായിരുന്നു ഇത്,’ ജലജ പറഞ്ഞു. എഴുപതുകളുടെ അവസാനത്തോടെ മലയാള സിനിമയിലെത്തി തൊണ്ണൂറുകൾ വരെ സിനിമയിൽ ശക്തമായ സാന്നിധ്യമായി തുടർന്ന നടിയായിരുന്നു ജലജ. ഹരിഹരൻ്റെ  ഇവനെൻ്റെ  പ്രിയപുത്രനായിരുന്നു ജലജയുടെ ആദ്യ സിനിമ.

പിന്നീട് ജി. അരവിന്ദൻ്റെയും കെ.ജി. ജോർജിൻ്റെയും അടൂർ ഗോപാലകൃഷ്ണൻ്റെയും ചിത്രങ്ങളിൽ ജലജ തുടർച്ചയായി അഭിനയിച്ചു. ചെയ്ത കഥാപാത്രങ്ങളിൽ മിക്കതും സങ്കടങ്ങളും അതീവ നിരാശയും നിറഞ്ഞതായതിനാൽ മലയാള സിനിമയിലെ ദുഖപുത്രിയായിട്ടു കൂടി ജലജ അറിയപ്പെട്ടിരുന്നു. മാലികിൽ വളരെ കുറഞ്ഞ സീനുകളിൽ മാത്രമാണ് ജലജ എത്തുന്നതെങ്കിലും തൻ്റെ എല്ലാ സീനുകളും നടി കയ്യടക്കത്തോടെ അഭിനയിച്ചിട്ടുണ്ട്.സുലൈമാൻ അലിയെന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്.

റോസ്ലിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷ സജയനും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചത്. വിനയ് ഫോർട്ട്, ജോജു ജോർജ്, തുടങ്ങി നിരവധി കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് നടത്തിയത്. ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്തതോടെ  ചിത്രത്തെ പ്രശംസിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ ബീമാപ്പള്ളി വെടിവെയ്പ്പ് അടക്കമുള്ള രാഷ്ട്രീയ ചർച്ചകൾക്കും തുടക്കമായിട്ടുണ്ട്.

Leave a Reply

Your email address will not be published.