ഇരുപത് വർഷത്തെ ലിവ് ഇൻ റിലേഷൻഷിപ്പിന് ഒടുവിൽ വിവാഹം കഴിച്ച്‌ വൃദ്ധ ദമ്പതികൾ, സാക്ഷിയായി മകൻ

ഉത്തർപ്രദേശ് : ഇരുപത് വർഷക്കാലമായി ഒരുമിച്ചു താമസിച്ചിരുന്ന (ലിവ് ഇൻ റിലേഷൻഷിപ്പ്) വൃദ്ധ ദമ്പതികൾ  വിവാഹിതരായി. ഉത്തർപ്രദേശിലെ ഉന്നാവ് ജില്ലയിലെ ഗഞ്ച് മൊറാദാബാദിലെ റസൂൽപൂർ റൂരി ഗ്രാമത്തിലാണ് ഈ വിവാഹം നടന്നത്. 60 വയസുകാരനായ നരേൻ റെയ്ദാസ് 55കാരിയായ രാംരതി എന്നിവരാണ് വിവാഹിതരായത്. മാതാപിതാക്കളുടെ വിവാഹത്തിന്  ദമ്പതികളുടെ കൗമാരക്കാരനായ മകന് സാക്ഷ്യം വഹിച്ചു.

വിവാഹത്തിൻ്റെ  ചെലവുകളെല്ലാം ഗ്രാമത്തലവനും ഗ്രാമവാസികളും ചേർന്നാണ് നടത്തിയത്. ലിവ് ഇൻ റിലേഷൻഷിപ്പ് വളരെ സാധാരണമായി മാറിയിരിക്കുന്ന ഇന്നത്തെ കാലത്ത് ഇതൊരു സാധാരണ കാര്യമാണെങ്കിലും വിവാഹം കഴിക്കാതെ ഒരുമിച്ച്‌ താമസിച്ചതിന് ഇവരെ ആളുകൾ പരിഹസിക്കാറുണ്ടായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു. ഇക്കാര്യത്തെക്കുറിച്ച്‌ ഗ്രാമത്തലവനും അവരെ പറഞ്ഞു മനസ്സിലാക്കി. ഒടുവിൽ ആളുകളുടെ പരിഹാസവും അവഹേളനവും ഒഴിവാക്കാൻ ഔദ്യോഗികമായി വിവാഹിതരാകാൻ വൃദ്ധ  ദമ്പതികൾ തീരുമാനിക്കുകയായിരുന്നു.

2001 മുതൽ നരേൻ റെയ്ദാസ് (60), രാംരതി (55) എന്നിവർ ഒരുമിച്ച്‌ താമസിച്ചു വരികയാരുന്നു. ഇവരുടെ 13 വയസുള്ള മകൻ അജയിന്‌ നേരിടേണ്ടി വരുന്ന അപമാനവും പരിഹാസവും ഒഴിവാക്കാനായി ഗ്രാമത്തലവൻ രമേശ് കുമാർ, സാമൂഹ്യ പ്രവർത്തകർ ധർമേന്ദ്ര ബാജ്‌പേയ്, സുനിൽ പാൽ എന്നിവരാണ് നരേൻ, രാംരതി എന്നിവരെ വിവാഹം കഴിക്കാൻ പ്രേരിപ്പിച്ചതെന്ന് ഇരുവരും പറയുന്നു.

വിവാഹ സംബന്ധമായ എല്ലാ ചെലവുകളും തങ്ങൾ വഹിക്കുമെന്ന് അവർ വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിഥികൾക്കായി ഒരു ഡിജെ, വിവാഹ ബാൻഡ്, ഒരു വിരുന്നു സൽക്കാരം എന്നിവ ഗ്രാമത്തലവനും മറ്റുള്ളവരും ചേർന്ന് സംഘടിപ്പിക്കുകയും ചെയ്തു.  ദമ്പതികളുടെ മകൻ അജയിൻ്റെ  നേതൃത്വത്തിലുള്ള ‘ബരാത്തികൾ’ വരൻ്റെ  കൂടെ ഗ്രാമത്തിലെത്തി, വിവാഹച്ചടങ്ങുകൾ യഥാവിധി നടത്തി.

‘വധുവിൻ്റെ  ഭാഗത്തു നിന്നുള്ള ക്രമീകരണങ്ങൾ നടത്താൻ നിയോഗിക്കപ്പെട്ടവർ വരൻ്റെ  ഭാഗത്ത് നിന്നുള്ളവർക്ക് ഊഷ്മളമായ സ്വീകരണം നൽകി’ പ്രദേശവാസിയായ രമേശ് പറഞ്ഞു. ഗ്രാമത്തിലെ ബ്രഹ്മദേവ് ബാബയുടെ ക്ഷേത്രം സന്ദർശിച്ച്‌ വധുവും വരനും അനുഗ്രഹം തേടിയിരുന്നു.

Leave a Reply

Your email address will not be published.