സണ്ണി വെയ്ൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘പിടികിട്ടാപ്പുള്ളി’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സ്വന്തം ചിത്രം ചേർത്തുവച്ച് പ്രതിഷേധവുമായി നടി മെറീന മൈക്കിൾ രംഗത്ത്. ‘അഭിനയിച്ച സിനിമയുടെ പോസ്റ്ററിൽ എൻറെ മുഖം വയ്ക്കാൻ ഒരു ഡിസൈനറുടെയും സഹായം വേണ്ടന്ന് പറയാൻ പറഞ്ഞ്…’ എന്ന അടിക്കുറിപ്പിലാണ് നടി മെറീന മൈക്കിൾ പോസ്റ്റർ പങ്കുവെച്ചത്.

സംഭവം നിർമ്മാതാക്കളുടെ കണ്ണിൽപ്പെടുകയും ‘ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, വേണ്ട നടപടി സ്വീകരിക്കാം’ എന്ന് അവർ കമൻ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ‘ഓ, വേണ്ട ശ്രദ്ധിച്ചെടുത്തോളം മതി’ എന്നായിരുന്നു നടി മെറീനയുടെ മറുപടി.
സണ്ണി വെയ്നും അഹാന കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്ന പിടികിട്ടാപ്പുള്ളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സിനിമയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റർ പുറത്തിറക്കിയത്. എന്നാൽ ചിത്രത്തിലെ സെക്കൻഡ് ഹീറോയിനായി വേഷമിടുന്ന നടി മറീന മൈക്കിൾ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് മധുര പ്രതികാരവുമായി നടി മറീന രംഗത്തെത്തിയത്.

ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രമാണ് ‘പിടികിട്ടാപ്പുള്ളി’. സണ്ണി വെയ്ൻ ആണ് നായകനായി എത്തുന്നത്. ജിഷ്ണു ശ്രീകണ്ഠൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഹാന കൃഷ്ണയാണ് ചിത്രത്തിലെ നായിക. കൂടാതെ ചിത്രത്തിൽ ബൈജു സന്തോഷ്, സൈജു കുറുപ്പ്, ലാലു അലക്സ്, മേജർ രവി, അനൂപ് രമേശ്, കൊച്ചു പ്രേമൻ, കണ്ണൻ പട്ടാമ്ബി, ചെമ്ബിൽ അശോകൻ, ശശി കലിംഗ, മെറീന മൈക്കിൾ, പ്രവീണ തുടങ്ങിയവരും പ്രധാന വേഷമിടുന്നുണ്ട്.