ഇത്തവണ പോലീസിനെ സ്വാധീനിക്കാനുള്ള ശ്രമവും പാളി ; ഒടുവിൽ മംഗളൂരു റാഗിങ് പ്രതികൾ അറസ്റ്റില്‍

മംഗളൂരു ഫൾനീർ ഇന്ദിര കോളേജിൽ ജൂനിയർ വിദ്യാർത്ഥികളെ നിരന്തരം റാഗിങ്ങിന് വിധേയരാക്കിയിരുന്ന ആറംഗ മലയാളി സീനിയർ വിദ്യാർത്ഥി സംഘം അറസ്റ്റിൽ. മലയാളി ജൂനിയർ വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസം വീട്ടിൽ കയറി റാഗിംഗിൻ്റെ പേരിൽ മർദ്ദിച്ചതിനെ തുടർന്നുണ്ടായ പരാതിയിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മംഗളൂരു ഫൾനീർ ഇന്ദിര കോളജിലെ മൂന്നാം വർഷ നഴ്സിങ് വിദ്യാർഥികളാണ് പ്രതികൾ.

പ്രതികളായ കാഞ്ഞങ്ങാട് സ്വദേശി ജുറൈജ് (20), കോഴിക്കോട് സ്വദേശി ശ്രീലാൽ (20), മലപ്പുറം സ്വദേശികളായ ഷാഹിദ് (20), അംജാദ് (20), ഹുസൈൻ (20), ലിൻസ് (20) എന്നിവർക്കെതിരെ പാണ്ഡേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റു രേഖപ്പെടുത്തി. പ്രതികളിൽ ചിലർ കഴിഞ്ഞ വർഷവും വിദ്യാർഥികളെ മർദിച്ചതായും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ടായിരുന്നു. എന്നാൽ മർദനത്തിനിരയായവർ കദ്രി പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികളുടെ സ്വാധീനത്തിന്റെ സമ്മർദ്ദം മൂലം പോലീസ് കേസ് ഒത്തുതീർപ്പാക്കി.

ഇത്തവണയും പ്രതികൾ പോലീസിനെ സ്വാധീനിച്ച് കേസ് രജിസ്റ്റർ ചെയ്യാതെ രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നെങ്കിലും, മംഗളൂരു ഫൾനീർ ഇന്ദിര കോളജിലെ തന്നെ എം.ഐ. ടി. വിദ്യാർഥി മാനന്തവാടി സ്വദേശി മാനുവൽ ബാബു (19) പരാതിയിൽ ഉറച്ച് നിന്നു. മാനുവലിനും സുഹൃത്തായ രണ്ടാം വർഷ എം.എൽ.ടി. വിദ്യാർഥി തളിപ്പറമ്പ് കുറുമാത്തൂരിലെ ജോബിനും (19) ആയിരുന്നു കഴിഞ്ഞ ബുധനാഴ്ച രാത്രി പ്രതികളിൽ നിന്ന് മർദനമേറ്റത്. ഇവരുടെ താമസസ്ഥലത്തെത്തി ഇരുവരെയും മർദിച്ചുവെന്നാണ് പരാതി.

മാനുവലിൻ്റെ  പരാതിയുടെ മേൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടത്തോടെ പ്രതികളുടെ സ്വാധീന ശ്രമം പാളി. വെള്ളിയാഴ്ച്ച റാഗിങ്ങിന് കേസ് രജിസ്റ്റർ ചെയ്യുകയും ശനിയാഴ്ച്ച ആറുപേരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും ചെയ്തു.

Leave a Reply

Your email address will not be published.