ജീവനോടെ ‘പോസ്റ്റ്മോർട്ടം’ ചെയ്യപ്പെട്ട ജബ്ബാറിക്ക അര നൂറ്റാണ്ടിനുശേഷം യാത്രയായി.

ഇത് മാഹി സ്വദേശിയായ ജബ്ബാർ. തൻ്റെ 79 ആം വയസ്സിൽ വാർദ്ധക്യസഹജമായ രോഗങ്ങളാൽ കഴിഞ്ഞദിവസം ഈ ലോകത്തോട് വിടപറഞ്ഞു. രണ്ടു ജനനവും രണ്ടു മരണവും ഈ മനുഷ്യൻ്റെ ജീവിതത്തിൽ സംഭവിച്ചു എന്നതാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പോസ്റ്റുമോർട്ടം ടേബിളിൽ നിന്നും ലഭിച്ച പുതു ജന്മത്തിൽ അദ്ദേഹം 48 വർഷത്തോളം വീണ്ടും ജീവിച്ചു. തൻ്റെ മുപ്പത്തിരണ്ടാം വയസ്സിൽ മഹാരാഷ്ട്രയിലെ പൂനെയിൽ നടന്ന ഒരു ബസ് അപകടത്തിൽ ആണ് ജബ്ബാർ ഇക്കയുടെ ‘ആദ്യമരണം ‘. പോസ്റ്റുമോർട്ടം ചെയ്യപ്പെടാനായി ടേബിളിൽ കിടത്തി തലയോട്ടിയിൽ ചുറ്റികകൊണ്ട് ആദ്യത്തെ പ്രഹരം ചെയ്തപ്പോഴേക്കും തൻ്റെ ചെറുവിരലിലെ അനക്കം ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുന്നത്. മരിച്ചെന്ന് വിധി എഴുതപ്പെട്ട ഇദ്ദേഹത്തിന് അന്ന് ആ വിരലനക്കം സമ്മാനിച്ചത് പുതു ജീവനാണ്.

കൊച്ചി കുണ്ടശ്ശേരി ബംഗ്ലാവിൽ മുഹമ്മദ് കോയയുടെ മക്കളിൽ ആറാമനായാണ് ജബ്ബാർ ഇക്കയുടെ ജനനം. ദുബായിലെ പ്രമുഖ കമ്പനിയിൽ ജോലിക്കാരനായിരുന്ന അദ്ദേഹം ഗൾഫിലേക്ക് തിരിക്കാനായി മുംബൈയിലേക്ക് ട്രെയിൻ കയറി. എന്നാൽ ട്രെയിൻ സമയം വൈകി ഓടിയതോടെ മംഗളൂരുരിൽ നിന്ന് ട്രാവൽസ് ബസ്സിൽ ആയി പിന്നെ യാത്ര. മുംബൈയിലേക്ക് ഓടിക്കൊണ്ടിരുന്ന ബസ് പൂനെയിലെ കാരാഡ് എന്ന സ്ഥലത്ത് വെച്ച് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയും ജബ്ബാർ ഇക്ക ഉൾപ്പെടെ ‘മൂന്ന്’ പേർ മരിക്കുകയും ചെയ്തു. ആശുപത്രിയിൽ എത്തിച്ചപ്പോൾ പൾസ് ഇല്ലാത്തതിനാൽ ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി. ബാഗിൽ നിന്ന് കിട്ടിയ വിലാസം വഴി വീട്ടുകാരെ വിവരമറിയിക്കുകയും അവർ വൈകാതെ സംഭവ സ്ഥലത്ത് എത്തുകയും ചെയ്തു.

പോസ്റ്റ്മോർട്ടം മുറിയിലെ ശീതീകരിച്ച തണുപ്പിൽ ജബ്ബാർ ഇക്കയുടെ ” ജീവനുള്ള “ശരീരം പോസ്റ്റ്മോർട്ടത്തിന് തയ്യാറായിരിക്കുന്നു. ചുറ്റിക കൊണ്ട് തലയോട്ടിയിൽ ആദ്യ പ്രഹരം ഏൽപ്പിച്ചപ്പോൾ തന്നെ ജബ്ബാർ ഇക്കയുടെ വിരൽ അനങ്ങുന്നതായി ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടു. കൂടുതൽ സൂക്ഷ്മമായി പരിശോധിക്കുകയും മറ്റും ചെയ്തതോടെയാണ് ഡോക്ടർമാർക്ക് അബദ്ധം മനസ്സിലായത്. എന്നാൽ ചുറ്റില കൊണ്ടുള്ള പ്രഹരമേറ്റു ചില നാഡികൾക്ക് തകരാർ സംഭവിക്കുകയും കണ്ണിൻ്റെ കാഴ്ച ശക്തി കുറഞ്ഞു വരികയും ചെയ്തു. രണ്ടാം ജന്മത്തിൻ്റെ തെളിവുള്ള അടയാളമായി മരണംവരെ ആ മുറിവിൻ്റെ പാട് അദ്ദേഹത്തിന്റെ നെറ്റിയിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.