
സ്ത്രീകളെ അപലകളും അടിമകളുമാക്കി അടുക്കളയിൽ തളച്ചിട്ടിരുന്ന കാലമാണിത്. വീട്ടുജോലികൾ ചെയ്യാനും കുഞ്ഞുങ്ങളെ പെറ്റു പോറ്റാനും മാത്രമല്ല തൻ്റെ രാജ്യത്തെ സംരക്ഷിക്കാനും ഇമ വെട്ടാതെ അതിർത്തിയിൽ നാടിനു വേണ്ടി കാവൽ നിൽക്കാനും തങ്ങൾക്ക് കഴിയും എന്ന് അതിർത്തി കാക്കുന്നവരിലെ ഏക മലയാളി വനിത കേരളത്തെ ഓർമിപ്പിക്കുന്നു. ഒരു മേഖലയിൽ നിന്നും വനിതകളെ മാറ്റി നിർത്താൻ ആകില്ലെന്ന് കായംകുളം സ്വദേശി ആതിര കെ. പിള്ള തെളിയിക്കുന്നു. ഒരുകൂട്ടം വനിതകളുടെ കടന്നുവരവ് വലിയ മാറ്റമാണ് കരസേനയിൽ ഉണ്ടാക്കിയിട്ടുള്ളത്. ഈ കൂട്ടത്തിൽ കേരളത്തിൻ്റെ അഭിമാനമാണ് ഇരുപത്തിയഞ്ചുകാരിയായ ആതിര.

അസം റൈഫിൾസിൽ നിയമിതരായ വനിതാ സൈനികരിലെ ഏക മലയാളിയാണ് ആതിര. അസം റൈഫിൾസിലെ റൈഫിൾ മൂവ്മെന്റ് ജനറൽ ഡ്യൂട്ടി തസ്തികയിൽ 10 വനിതാ സൈനികരുടെ സംഘം ജോലി ചെയ്യുന്നു. ഇൻഫർമേഷൻ വാർഫെയർ വിഭാഗത്തിലാണ് ഇവരുടെ നിയമനം. മധ്യ കാശ്മീരിൽ ഗന്ധർബാൽ ജില്ലാ ചെക്ക് പോസ്റ്റുകളിലാണ് രാജ്യത്തെ സംരക്ഷിക്കാൻ നിറതോക്കുകളുമേന്തി പെൺപട നിൽക്കുന്നത്. പതിമൂന്ന് വർഷം മുൻപ് അസം റൈഫിൾസിൽ സൈനികനായിരിക്കെയാണ് ആതിരയുടെ പിതാവ് കേശവപ്പിള്ള മരിക്കുന്നത്. ആ ജോലിയാണ് മകൾക്ക് ലഭിച്ചത്. അഞ്ചു വർഷമായി ജോലിയിൽ പ്രവേശിച്ചിട്ട്. മണിപ്പൂർ, നാഗാലാൻഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ആതിര സേവനമനുഷ്ഠിച്ചിരുന്നു. ചെറുപ്പം മുതലുള്ള ആഗ്രഹമാണ് സൈന്യത്തിൽ ചേരണം എന്നത്. ആ ആഗ്രഹം ഇന്ന് ആതിരയെ കശ്മീർ അതിർത്തിവരെ എത്തിച്ചു. ബിരുതം നേടിയ ശേഷമാണ് സൈന്യത്തിൽ ചേർന്നത്.
2019 ലെ റിപ്പബ്ലിക് പരേഡിൽ പങ്കെടുത്തും ആതിര മികവ് തെളിയിച്ചിട്ടുണ്ട്. മണിപ്പൂരിൽ മികച്ച സേവനത്തിനുള്ള അംഗീകാരം ആതിരയ്ക്ക് ലഭിച്ചിരുന്നു. തങ്ങളെ കാണുമ്പോൾ അതിർത്തിയിലെ പെൺകുട്ടികൾക്ക് അഭിമാനമാണെന്നും. വലുതാകുമ്പോൾ തങ്ങളെ പോലെ ആകണമെന്ന് കുട്ടികൾ പറയാറുണ്ട് എന്നും ആതിര പറയുന്നു.