
മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും സിനിമാ ജീവിതത്തില്‍ തന്നെ വലിയ തരംഗം സൃഷ്ടിച്ച ചിത്രങ്ങളാണ് ദ കിങ്ങും കമ്മിഷണറും. കിങ്ങില്‍ ജോസഫ് അലക്സ് ഐഎഎസ് എന്ന കഥാപാത്രം നായക സങ്കല്‍പ്പങ്ങളുടെ പൂര്‍ണതയായി കരുതിപ്പോരുന്ന ഒന്നായിരുന്നെങ്കില്‍ കമ്മിഷണറിലെ ഭരത് ചന്ദ്രന് സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ഐകോണിക് പാത്രസൃഷ്ടിയാണ്.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ രണ്ട് കഥാപാത്രങ്ങളെയും ഒരേ സ്ക്രീനില്‍ ഒരുമിച്ച് കൊണ്ടുവരാന്‍ സംവിധായകനായ ഷാജി കൈലാസ് തീരുമാനിക്കുകയുണ്ടായി. ദ കിങ് ആന്‍ഡ് കമ്മിഷണര്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും വീണ്ടും അഭ്രപാളിയിലേക്ക് എത്തിക്കുകയായിരുന്നു ഷാജി കൈലാസും രഞ്ജി പണിക്കരും. രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം നിര്‍വഹിച്ച ഈ ചിത്രം 2011 ലാണ് തിയറ്ററുകളിലെത്തുന്നത്. എന്നാല്‍ ഈ സിനിമ ദ കിങ്, കമ്മിഷണര്‍ എന്നീ സിനിമകളുടെ നിലവാരത്തിലേക്ക് ഉയര്‍ന്നില്ല എന്ന് മാത്രമല്ല തിയറ്ററുകളില്‍ വമ്പന്‍ പരാജയം നേരിടുകയും ചെയ്തു. അപ്രതീക്ഷിതമായി ഈ ചിത്രത്തിന് സംഭവിച്ച പരാജയത്തെക്കുറിച്ച് സംവിധായകനായ ഷാജി കൈലാസ് പറയുകയുണ്ടായി.

കിങ് ആന്‍ഡ് കമ്മിഷണറില്‍ കേരള സംസ്ഥാനത്തിലെ രാഷ്ട്രീയമല്ല പറഞ്ഞത്. മറിച്ച് അത് മുന്നോട്ട് വച്ചത് ദേശീയ രാഷ്ട്രീയമായിരുന്നു. ഡല്‍ഹി രാഷ്ട്രീയം വളരെ ശ്രദ്ധയോടെ നോക്കിക്കാണുന്നവര്‍ക്ക് ഈ ചിത്രം ഉള്‍ക്കൊള്ളാന്‍ കഴിയും. ജനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വം ഡല്‍ഹി രാഷ്ട്രീയം നോക്കിക്കാണുന്നുവെന്നായിരുന്നു താന്‍ കരുതിയിരുന്നത്. എന്നാല്‍ അക്കാര്യത്തില്‍ തന്റെ ആ കണക്കുകൂട്ടല്‍ പിഴച്ചുപോയി. ഇതില്‍ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്നു പോലും ആര്‍ക്കും മനസിലായില്ല. കിങ്ങും, കമ്മീഷണറും നമ്മുടെ നാട്ടിലെ പൊളിറ്റിക്സാണ് പറഞ്ഞത്. അത്കൊണ്ട് തന്നെ ജനങ്ങള്‍ക്ക് അത് വേഗം മനസിലാവുകയും ചെയ്തു. ഇവ രണ്ടും കാഴ്ചക്കാരുടെ മനസ്സില്‍ തങ്ങി നില്ക്കുന്ന ചിത്രങ്ങളായിരുന്നു. എന്നാല്‍ ആ ചിത്രങ്ങളുടെ ഹാങോവറുമായി കിംഗ് ആന്റ് കമ്മീഷണര്‍ കാണാനെത്തിയ ജനങ്ങള്‍ക്ക് കിട്ടിയത് അതായിരുന്നില്ല എന്നും അതാവാം ചിത്രം അമ്പേ പരാജയപ്പെട്ടു പോയത് എന്നും ഷാജി കൈലാസ് പറഞ്ഞു.