എം ടീ പറയുന്നു “ഞാന്‍ മമ്മൂട്ടിയെ മനസ്സില്‍ കണ്ട് ഒന്നും എഴുതാറില്ല”

മമ്മൂട്ടി-എം.ടി.വാസുദേവന്‍ നായര്‍ കൂട്ടുകെട്ട്, മലയാളത്തിലെ ക്ലാസ്സിക് ചിത്രങ്ങളുടെ ശ്രേണിയില്‍ ഏറ്റവും അധികം കാത്തിരിക്കുന്ന കോംബോയാണ് . മമ്മൂട്ടിയുടെ സിനിമ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളൊക്കെയും പിറന്നത് എം.ടി.വാസുദേവന്‍ നായരുടെ തൂലികയില്‍ നിന്നുമാണ്. പലപ്പോഴും മമ്മൂട്ടിക്ക് വേണ്ടി പ്രത്യേകം എഴുതിയ തിരക്കഥയായി ഇതിനെ പലരും കരുതിപ്പോരുന്നുണ്ട്. എംടിയോട് തന്നെ ഇത് പലരും നേരിട്ട് ചോദിക്കാറുപോലുമുണ്ട് . എന്നാല്‍, നിരന്തരമായ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി എംടി തന്നെ നല്‍കുകയുണ്ടായി.

മമ്മൂട്ടിയെ ഉദ്ദേശിച്ചു താന്‍ ഇതുവരെ ഒന്നും എഴുതിയിട്ടില്ലെന്നാണ് എംടി പറയുന്നത്. ഒരു നടൻ്റെ ഡേറ്റ് ഉണ്ട്. അതുകൊണ്ട് അയാള്‍ക്ക് പറ്റിയ സിനിമ ചെയ്യാം എന്ന് ആരും ഇതുവരെ തന്നോട് പറഞ്ഞിട്ടില്ല. എം ടീ യുടെ സ്ഥിരം സംവിധായകരായ ഐ.വി.ശശിയോ ഹരിഹരനോ പോലും അങ്ങനെ ഒരു കാര്യം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. അഥവാ അങ്ങനെ പറഞ്ഞാല്‍ തന്നെ അത് താന്‍ കേള്‍ക്കുകയുമില്ല. മമ്മൂട്ടിയെ മനസില്‍ കണ്ട് കൊണ്ട് ഇതുവരെ ഒന്നും എഴുതിയിട്ടില്ല. എന്നാല്‍ , എഴുതിക്കഴിയുമ്പോള്‍ മമ്മൂട്ടിക്ക് ചേരുന്ന കഥാപാത്രമായി അത് മാറുകയാണ് പതിവ്. കഥാപാത്രത്തിനു രൂപവും ഘടനയും ആകൃതിയും സംസാരവും ചലനശേഷിയുമെല്ലാമുണ്ട്. അതെല്ലാം കൃത്യമായി മമ്മൂട്ടിയില്‍ കാണുന്നു. അങ്ങനെയാണ് താന്‍ സിനിമകള്‍ ചെയ്യുന്നതെന്നും എം.ടി. കൂട്ടിച്ചേര്‍ത്തു.

നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ എം.ടി.വാസുദേവന്‍ നായരുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസ്സം. തുടർന്ന് ചലച്ചിത്ര ലോകത്തെ നിരവധി പ്രമുഖര്‍ എം.ടി.ക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. നിര്‍മാല്യം, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, അനുബന്ധം, പഞ്ചാഗ്നി, സുകൃതം, കേരളവര്‍മ്മ പഴശ്ശിരാജ തുടങ്ങി ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ഒട്ടനവവധി സിനിമകള്‍ക്ക് എംടി തിരക്കഥ ഒരുക്കിയിട്ടുണ്ട് .

Leave a Reply

Your email address will not be published.