
ഭീതിയുടെ നടുവിൽ ക്രൊയേഷ്യൻ ജനത. 2021 ജനുവരി 1 നാണ് ക്രൊയേഷ്യയിലെ ഒരു ഗ്രാമത്തിൽ 30 മീറ്ററോളം ചുറ്റളവും 15 മീറ്ററോളം ആഴവുമുള്ള വലിയ വൃത്തത്തിൽ ആദ്യത്തെ ഗർത്തം രൂപപ്പെടുന്നത്. തുടക്കത്തിൽ അത്ഭുതത്തോടെ ഈ ഭൗമ പ്രതിഭാസത്തെ നോക്കിക്കണ്ടു എങ്കിലും തുടർന്നുള്ള ആഴ്ചകളിൽ ഗർത്തങ്ങളുടെ പരമ്പര തന്നെ രൂപപ്പെട്ടു തുടങ്ങി. ഇതോടെ ജനങ്ങൾ ആശങ്കയിലായി.
ക്രൊയേഷ്യയുടെ തലസ്ഥാനമായ സാഗ്രബില്ലിൽ നിന്ന് 40 കിലോമീറ്റർ മാറിയാണ് ആദ്യ ഗർത്തം ഉണ്ടായത്. തുടർന്ന് സമീപ ഗ്രാമമായ ബോറെവെഞ്ചിയിലേക്കും ഇത് വ്യാപിച്ചു. ജനുവരി അവസാനത്തോടെ പല വലിപ്പത്തിലും ആഴത്തിലുമുള്ള ഏകദേശം 54 സിങ്ക് ഹോളുകൾ ഇവിടങ്ങളിൽ രൂപപ്പെട്ടു. അവിചാരിതമായി മണ്ണിടിഞ്ഞ് ഉണ്ടാകുന്ന വലിയ കുഴികളാണ് സിങ്ക് ഹോളുകൾ. എന്നാൽ ജനുവരിയോടെ ഇത് അവസാനിച്ചില്ല. സിങ്ക് ഹോളുകളുടെ എണ്ണം ഇന്ന് നൂറിലേറെയായി ഉയർന്നിരിക്കുന്നു. എല്ലാത്തിനും പത്ത് അടിക്ക് മുകളിൽ വിസ്തൃതിയുണ്ട് എന്ന് രാജ്യാന്തര വാർത്ത ഏജൻസിയായ എ.എഫ്.പി.യുടെ റിപ്പോർട്ട്.

ഭൂമിശാസ്ത്രമനുസരിച്ച് ഭൂചലന സാധ്യത കൂടുതലുള്ള പ്രദേശമാണ് ക്രൊയേഷ്യ. വളരെ സ്വഭാവികമായി പ്രകൃതിയിൽ ഉണ്ടാകുന്ന പ്രതിഭാസമാണ് സിങ്ക് ഹോളുകൾ. മേൽ തട്ടിലെ മണ്ണിനു കീഴെയുള്ള ധാതുക്കൾ വെള്ളത്തിൽ അലിഞ്ഞു പോകുന്നതുകൊണ്ടാണ് മണ്ണിടിഞ്ഞ് ഇത്തരം ഗർത്തങ്ങൾ ഉണ്ടാകുന്നത്. ഭൂമിശാസ്ത്ര ഗവേഷകർക്ക് കൗതുകമാണ് എങ്കിലും പ്രദേശവാസികൾക്ക് ഇതുണ്ടാക്കുന്ന ആശങ്ക വളരെ വലുതാണ്. വീടുകൾക്ക് തൊട്ടടുത്തും, പാടങ്ങളിലും എല്ലാം ഇതിനോടകം ഗർത്തങ്ങൾ രൂപപ്പെട്ടു കഴിഞ്ഞു. വീടുകളിൽ വിള്ളലുകൾ വീഴുകയും കെട്ടിടങ്ങളിലെ അടിത്തറ ദുർബലമാവുകയും ചെയ്യുന്നത് ജനങ്ങളിൽ ഭയം ജനിപ്പിക്കുന്നു. ഇനി എന്നാണ് ഇവ തങ്ങളെയും വിഴുങ്ങുന്നത് എന്ന പേടിയിലാണ് അവർ. അതുകൊണ്ട് തന്നെ നാട് വിട്ട് സ്ഥലം മാറിപോകുന്നതിനെ കുറിച്ച് വരെ അവിടുത്തെ ജനങ്ങൾ ആലോചിക്കുന്നുണ്ട്.

2020 ഡിസംബറിൽ മധ്യ ക്രൊയേഷ്യയിൽ റിക്ടർ സ്കെയിൽ 6.4 രേഖപ്പെടുത്തിയ ഒരു ഭൂചലനം ഉണ്ടായിരുന്നു. ഇതിൻ്റെ പ്രകമ്പനം സമീപ രാജ്യങ്ങളിലും അനുഭവപ്പെട്ടിരുന്നു. ഇത് മൂലമാകാം ഗർത്തങ്ങൾ രൂപപ്പെടുന്നത് എന്നതാണ് ഇപ്പോൾ ഗവേഷകരുടെ വിശദീകരണം. എന്നാൽ സിങ്ക് ഹോളുകൾ ഭൂചലനം കൊണ്ടുമാത്രം സംഭവിക്കുന്ന പ്രതിഭസമല്ല. ക്രൊയേഷ്യയുടെ ഭൗമാന്തരീക്ഷത്തിൻ്റെ സവിശേഷതകളും ഈ ഗർത്തങ്ങൾ രൂപപ്പെടുന്നതിനു കാരണമാണ്.