ആറു മാസത്തിനകം വളർത്തു മൃഗങ്ങൾക്കും ലൈസൻസ് ; ഹൈക്കോടതി ഉത്തരവ്

മൃഗങ്ങളെ വീട്ടിൽ വളർത്തുന്നവർ ലൈസൻസ് എടുക്കണം എന്ന് ഹൈക്കോടതി. ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. വളർത്ത് മൃഗങ്ങൾക്ക് ആറ് മാസത്തിനകം ലൈസൻസ് എടുത്തിരിക്കണം. ലൈസൻസ് എടുക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യണം. ഇക്കാര്യം വ്യക്തമാക്കുന്ന പൊതു നോട്ടീസ് തദ്ദേശ സ്ഥാപനങ്ങൾ പുറപ്പെടുവിക്കണം. കേരള സർക്കാർ ഇത് സംബന്ധിച്ച നിർദേശം നൽകണം എന്നും ഹൈക്കോടതിയുടെ ഉത്തരവ്.

തിരുവനന്തപുരം അടിമലത്തുറയിൽ വളർത്തു നായയെ കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ് വന്നിരിക്കുന്നത്. ഈ കേസ് തുടക്കം മുതൽ തന്നെ കോടതി വളരെ ഗൗരവത്തിൽ എടുത്തിരുന്നു. ബ്രൂണോ എന്ന പേര് കേസ് ഫയലിനു നൽകിയിരുന്നു. സംസ്ഥാനത്ത് മൃഗസൗഹൃദ അന്തരീക്ഷം ഉണ്ടാകണം എന്ന് കോടതി നേരത്തെ തന്നെ ചൂണ്ടി കാണിച്ചിരുന്നു. ഇതിനെ തുടന്നാണ് ഉത്തരവ്.

ഇനി മൃഗങ്ങളെ വളർത്താൻ ഉദ്ദേശിക്കുന്നവർ മൂന്നു മാസത്തിനകം ലൈസൻസ് എടുക്കണമെന്ന വ്യവസ്ഥയും കൊണ്ടുവരണം. വേണമെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് മൃഗങ്ങളെ കാറ്റഗറിയായി തിരിച്ച് ലൈസൻസ് ഫീസ് ഈടാക്കാവുന്നതുമാണ് എന്നും കോടതി നിർദേശിച്ചു. വളർത്തു മൃഗങ്ങളുടെ പരിപാലനവും സംരക്ഷണം ഉറപ്പ് വരുത്തുന്നതിനും ആ കാര്യങ്ങളിൽ വ്യക്തികൾക്ക് അടക്കം ഉത്തരവാദിത്തം ഉണ്ടാക്കുന്നതിനും വേണ്ടിയാണു കോടതിയുടെ ഈ ഉത്തരവ്. ജസ്റ്റിസ്സുമാരായ എ. കെ. ജയശങ്കരൻ നമ്പ്യാർ, പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റെതാണ് നിർദേശം

Leave a Reply

Your email address will not be published.