ഒ ടി ടി റിലീസിന് പിന്നാലെ ‘മാലിക് ‘ ചോർന്നു ! ഞെട്ടലിൽ അണിയറ പ്രവർത്തകർ

ഫഹദ് ഫാസിൽ നായകനായ പുതിയ ചിത്രം “മാലിക് ” ഒ ടി ടി റിലീസിന് പിന്നാലെ ചോർന്നു. ആമസോൺ പ്രൈം വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. എന്നാൽ നിമിഷങ്ങൾക്കകം ‘മാലിക്ക് ‘ ൻ്റെ പകർപ്പ് ടെലഗ്രാമിലാകെ പ്രചരിച്ചു. ഇതിനോടകംതന്നെ നിരവധി പേർ ഷെയർ ചെയ്യുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്തു. 27 കോടി മുതൽ മുടക്കോടെ ആന്റ്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കൾ. മലയാളത്തിലെ പ്രമുഖ യുവ താരനിര തന്നെ ചിത്രത്തിൽ അങ്ങോളം ഉണ്ട്. ഫഹദ് ഫാസിൽ നായകനായും നിമിഷ സജയൻ നായികയായുള്ള ഈ ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ എന്നിവരും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്. മഹേഷ് നാരായണൻ്റെ സംവിധാനത്തിലും തിരക്കഥയിലും എഡിറ്റിങ്ങിലും പുറത്തിറങ്ങുന്ന ചിത്രം മലയാളത്തിൽ ഏറ്റവും കൂടുതൽ മുതൽമുടക്കുള്ള ചിത്രങ്ങളിലൊന്നാണ്.

ചിത്രത്തിൻ്റെ പോസ്റ്ററുകളും പാട്ടുകളും സോഷ്യൽ മീഡിയകളിൽ വളരെയേറെ തരംഗം സൃഷ്ടിച്ചിരുന്നു. എന്നാൽ ചിത്രത്തിൻ്റെ ചോർച്ച അണിയറ പ്രവർത്തകർക്കിടയിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ദിലീഷ് പോത്തൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ജോജി’ എന്ന ചിത്രവും റിലീസിന് ശേഷം ടെലഗ്രാം വഴിയും മറ്റും ചോർന്നിരുന്നു. ഒ ടി ടി പ്ലാറ്റ്ഫോമുകൾ സബ്സ്ക്രിപ്ഷൻ ചാർജ്ജ് ഈടാക്കുകയും അതിനുശേഷം മാത്രമേ ആസ്വാദകർക്ക് ചിത്രം ലഭ്യമാവുകയുള്ളൂ. എന്നാൽ ടെലഗ്രാം പോലുള്ള മാധ്യമങ്ങൾ വഴി വളരെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതും പരസ്പരം കൈമാറാവുന്നതുമാണ്. ഫഹദ് ഫാസിലിനെ മുൻ ചിത്രങ്ങളായ ജോജി, ഇരുൾ, സി യു സൂൺ തുടങ്ങിയ ചിത്രങ്ങളുടെ വിതരണാവകാശവും ഒ ടി ടി പ്ലാറ്റ്ഫോമുകൾക്കായിരുന്നു. ഇതിനെതിരെ തിയേറ്റർ ഉടമകളും മറ്റും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. വലിയ മുതൽ മുടക്കിൽ എത്തുന്ന ഇത്തരം ചിത്രങ്ങളുടെ ചോർച്ച നിർമ്മാതാക്കൾക്ക് ചെറിയ നഷ്ടമൊന്നുമല്ല ഉണ്ടാക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടികൾ ഉണ്ടാകണം എന്നാണ് സിനിമാ രംഗത്തുള്ളവരുടെ ആവശ്യം.

Leave a Reply

Your email address will not be published.