
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്ശന് ടീമിന്റെ കൂടിച്ചേരലില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഒരിയ്ക്കലും മറക്കാനാകാത്ത ഒരു പിടി മികച്ച ചിത്രങ്ങള്‍ ആണ് ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളത്രയും. ചിരിയുടെ സുവര്‍ണ്ണ കാലഘട്ടമായി വിലയിരുത്തപ്പെടുന്ന അപൂര്‍വ ചിത്രങ്ങളാണ് ഇവര്‍ ഒരുമിച്ചപ്പോള്‍ പിറന്നത്. കിലുക്കം, തേന്മാവില് കൊമ്പത്ത്, ചിത്രം അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത ഒരുപിടി ചിത്രങ്ങള്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തും. പ്രിയദര്ശന്-മോഹന്‍ലാല്‍ സിനിമകള്‍ ഇന്നും അതേ സ്വീകാര്യതയോടെ തന്നെ സിനിമാ ആസ്വാദകരുടെ ഹൃദയത്തില്‍ തങ്ങി നില്ക്കുന്നവയാണ്. പലപ്പോഴും ഈ സിനിമകള്‍ ടീ വീ ചാനലുകളില്‍ വന്നാല്‍ ആരും മിസ്സ് ആകാതെ തന്നെ അതേ പുതുമയോടും കൌതുകത്തോടും കണ്ടിരിക്കാറുണ്ട്.
ജെനറേഷനുകള് പലത് കടന്നു പോയിട്ടും അവരൊന്നിച്ചപ്പോള്‍ പുറത്തുവന്ന ചിത്രങ്ങള്‍ പുതു തലമുറയിലെ പല സംവിധായകരും, എഴുത്തുകാരും, നടന്മാരുമൊക്കെ ഇന്നും തങ്ങളുടെ ഇഷ്ട സിനിമകളുടെ ലിസ്റ്റില്‍ സൂക്ഷിക്കുന്നവയാണ്. ഇപ്പോള്‍ പ്രിയദര്ശന് – മോഹന്‍ലാല്‍ ടീമിന്റെ സിനിമകളോടുള്ള ഇഷ്ടം തുറന്നു പറയുകയാണ് പുതു തലമുറയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകന്മാരില് പ്രധാനിയായ റോഷന് ആന്‍ഡ്രൂസ്.

പ്രിയദര്‍ശൻ്റെ കിലുക്കവും, ചിത്രവും തനിക്ക് എത്ര കണ്ടാലും മതിവരാത്ത ചിത്രങ്ങള്‍ ആണെന്നും പലപ്പോഴും കിലുക്കത്തേക്കാള്‍ ചിത്രമാണ് തൻ്റെ ആള് ടൈം ഫേവറൈറ്റെന്നും ഒരു എഫ്എം ചാനലിനു നല്കിയ അഭിമുഖത്തില്‍ റോഷന് ആന്‍ഡ്രൂസ് പറയുകയുണ്ടായി. ചിത്രീകരണത്തിലെ പുതുമ കൊണ്ടും ദൃശ്യ ഭംഗി കൊണ്ടും അപൂര്‍വമായ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ് ആ ശ്രേണിയില്‍ പുറത്തു വന്ന ചിത്രങ്ങള്‍. താന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട ചിത്രമായി അദ്ദേഹം തിരഞ്ഞെടുത്തത് ബോബി സന്‍ജയ്-യുടെ തിരക്കഥയില്‍ പുറത്തു വന്ന ‘മുംബൈ പോലീസ്’ ആണെന്നും ഒരു ചോദ്യത്തിന് മറുപടിയായി റോഷന് ആന്റ്രൂസ് പറയുകണ്ടായി.