“മലയാള സിനിമയിലേക്കുളള തൻ്റെ വരവിന് പ്രേരകമായത് ആ സിനിമ ആയിരുന്നു” ലാലേട്ടന്‍റെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട മലയാള ചലച്ചിത്രത്തെക്കുറിച്ച് പ്രശസ്ത സംവിധായകന്‍

തമ്പി കണ്ണന്താനം സംവിധാനം നിര്‍വഹിച്ച് മോഹൻലാൽ, രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവർ പ്രധാന വേഷത്തില്‍ അഭിനയിച്ച് 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് രാജാവിന്റെ മകൻ. ഷാരോൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ തമ്പി കണ്ണന്താനം തന്നെയാണ് ഈ ചിത്രത്തിന്‍റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. രാജീവ് ആണ് കഥയെഴുതിയത്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് തിരക്കഥാകൃത്തായ ഡെന്നീസ് ജോസഫ് ആണ് തിരക്കഥയും  സംഭാഷണവും ഒരുക്കിയിരിക്കുന്നത്.  മോഹന്‍ലാലിന്‍റെ കരിയറിലെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ് ചിത്രം ആയിരുന്നു ഇത്.  വിന്‍സന്‍റ് ഗോമസ് എന്ന അധോലോക നായകന്‍റെ വേഷം അദ്ദേഹം അവിസ്മരണീയമാക്കി.

ഇപ്പോള്‍ മോഹന്‍ലിൻ്റെ കരിയറിലെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് രാജവിന്‍റെ മകന്‍ എന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ റോബിന്‍ തിരുമല. മലയാളത്തില്‍ തനിക്കിഷ്ടപ്പെട്ട അനേകം ചിത്രങ്ങളുണ്ടെങ്കിലും അതില്‍ പ്രത്യേകമായ സ്ഥാനമാണ് 1986ല്‍ പുറത്ത് വന്ന ‘രാജാവിന്റെ മകന്‍’ എന്ന സിനിമയ്ക്ക് ഉള്ളതെന്ന് അദ്ദേഹം പറയുന്നു.

അതുവരെ മലയാള ചലച്ചിത്ര ലോകത്തിന് പരിചിതമല്ലാത്ത ഒരു ചടുലതയോടെ ആണ് വിന്‍സന്റ് ​ഗോമസ് എന്ന അധോലോക രാജാവിൻ്റെ പ്രകടനം.  മോഹന്‍ലാല്‍ ഈ കഥാപാത്രം അവിസ്മരണീയമാക്കി. ഇന്നും ആ ചിത്രം ജനങ്ങള്‍ക്കിടയില്‍ ആഘോഷിക്കപ്പെടുന്നുണ്ട്. അന്നത്തെ കാലത്ത് ആ ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത അതിൻ്റെ തിരക്കഥയായിരുന്നു. ഒരു എഴുത്തുകാരന്‍ ആകാന്‍ ആ​ഗ്രഹിക്കുന്ന, ആക്ഷന്‍ സിനിമകളെ ഇഷ്ടപ്പെട്ടിരുന്ന തന്നെപ്പോലെ ഒരാള്‍ക്ക് തീര്‍ത്തും പുതിയ അനുഭവമായിരുന്നു രാജാവിന്റെ മകന്‍.

തൻ്റെ മനസില്‍ ഏറെ ആഴത്തില്‍ മായാതെ കിടക്കുന്ന ഒരു ചിത്രമാണ്  ‘രാജാവിൻ്റെ മകന്‍’ . മലയാള സിനിമയിലേക്കുളള തൻ്റെ വരവിന് പ്രേരകമായത് ആ സിനിമ ആയിരുന്നു. ഇന്നും മലയാളത്തിലെ  എക്കാലത്തെയും മികച്ച കൊമേഴ്ഷ്യല്‍ സിനിമകളില്‍ ഒന്നായി ‘രാജാവിൻ്റെ മകന്‍’ വാഴ്ത്തപ്പെടുന്നു .  വിന്‍സന്റ് ​ഗോമസും കൃഷ്ണദാസും ആന്‍സിയുമൊക്കെ ഇന്നും തന്‍റെ മനസില്‍ മായാതെ നില്‍ക്കുന്നുവെന്നും റോബിന്‍ തിരുമല ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published.