
ഇന്ത്യന്‍ സിനിമാ ലോകത്തെ എക്കാലത്തെയും സുന്ദരമായ പ്രണയചിത്രങ്ങളില്‍ ഒന്നാണ് ‘ദേവദാസ്’. സഞ്ജയ് ലീല ബന്‍സാലി സംവിധാനം നിര്‍വഹിച്ച് ഷാരൂഖ് ഖാന് – ഐശ്വര്യ റായ് ജോഡികള്‍ ഒരുമിച്ചഭിനയിച്ച് 2002 ല്‍ പുറത്തിറങ്ങിയ ദേവദാസിൻ്റെ ബഡ്ജറ്റ് 50 കോടി ആയിരുന്നു. അന്നിറങ്ങിയ ബോളിവുഡില്‍ ചിത്രങ്ങളില്‍ വച്ച് ഏറ്റവും അധികം മുതല്‍ മുടക്കില്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ഇത്. ഒരു വലിയ ക്യാന്‍വാസില്‍, ഇറങ്ങിയ ചിത്രത്തിലെ കോസ്റ്റ്യൂമുകളും സെറ്റും വളരെ അധികം പണം ചിലവഴിച്ച് ചിത്രീകരിച്ചവയായിരുന്നു. മാധുരി ദീക്ഷിത് അണിഞ്ഞ പല വസ്ത്രങ്ങളും 15 ലക്ഷം രൂപയ്ക്ക് അടുത്ത് വില വരുന്നവ ആയിരുന്നു. അബു ജാനിയും സന്ദീപ് ഖോസ്ലയും ചേര്‍ന്നാണ് വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തത്.
‘കാഹെ ചേഡ് ചേഡ് മൊഹെ’ എന്ന ഗാനത്തില്‍ മാധുരി ധരിച്ചിരിക്കുന്ന ഗാഗ്ര ചോളിയ്ക്ക് 30 കിലോക്കടുത്ത് ഭാരമുണ്ടായിരുന്നു. ഈ വേഷം ധരിച്ചു നൃത്തം ചെയ്യുക എന്നത് മാധുരിയെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ട് ഉള്ളത് ആയിരുന്നതിനാല്‍ ഡിസൈനര്‍മാര്‍ പിന്നീട് ഭാരം കുറഞ്ഞ മറ്റൊരു കോസ്റ്റ്യൂം കൂടി മാധുരിയ്ക്കായി രൂപകല്‍പ്പന ചെയ്തു നല്കി, എന്നാല്‍ അതും 16 കിലോയിലധികം ഭാരമുള്ളതായിരുന്നു. തൊഴിലാളികള്‍ മാസ്സങ്ങളെടുത്താണ് ഈ വസ്ത്രങ്ങള്‍ നെയ്തെടുത്തത് .

ഇതേ ചിത്രത്തില്‍ ഐശ്വര്യയ്ക്കായി 600 ഓളം സാരികളാണ് കൊല്‍ക്കത്തയില്‍ നിന്നും മറ്റും ഡിസൈനര്‍ നീത ലുല്ലയും സംവിധാകന് സഞ്ജയ് ലീല ബന്‍സാലിയും ചേര്‍ന്ന് വാങ്ങിയത്. വ്യത്യസ്ത സ്റ്റൈലിലാണ് ഈ സാരികള്‍ ഐശ്വര്യ ധരിച്ചിരുന്നതും. മൂന്നു മണിക്കൂറോളം ചെലവഴിച്ചാണ് ഇത് ധരിപ്പിച്ചത്. ഐശ്വര്യ ഉപയോഗിച്ച പല സാരികള്‍ക്കും 9 മീറ്ററില്‍ അധികം നീളം ഉണ്ടായിരുന്നു.
ഏതാണ്ട് 20 കോടിയിലധികം രൂപ ചെലവഴിച്ച് 9 മാസം കൊണ്ടാണ് ഈ ചിത്രത്തിന്റെ സെറ്റ് തയ്യാറാക്കിയത്. ഒരു കോട്ട നിര്‍മ്മിക്കാന്‍ മാത്രം 12 കോടി രൂപയാണ് നിര്‍മാതാക്കള്‍ ചെലവഴിച്ചത്. ഐശ്വര്യയുടെ കഥാപാത്രമായ പാറുവിൻ്റെ വീട് 1.2 ലക്ഷം സ്റ്റെയിന്‍ഡ് ഗ്ലാസ് പീസുകള്‍ കൊണ്ട് മൂന്നു കോടി രൂപ ചിലവിട്ടാണ് നിര്‍മ്മിച്ചത്. 2500 ഓളം ലൈറ്റുകളും 700 ലെറ്റ്മാനും ദേവദാസിൻ്റെ ലൊക്കേഷനിലുണ്ടായിരുന്നു.