
മലയാളത്തിലെ യുവനടിമാരില്‍ ഏറ്റവും ശ്രദ്ധേയയായ താരമാണ് നിഖില വിമല്‍. ബാലതാരമായി അഭ്രപാളിയിലെത്തിയ നിഖില വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടനവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ നിഖിലയ്ക്ക് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്. ഹൊറര്‍ ജോണറില്‍ പുറത്തിറങ്ങിയ ദ പ്രീസ്റ്റ് എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കും മമ്മൂട്ടിയ്ക്കും ഒപ്പം നിഖില വിമല്‍ അഭിനയിച്ചിരുന്നു.

ഈ ചിത്രത്തില്‍ മഞ്ജു വാരിയര്‍ അഭിനയിച്ച കഥാപാത്രത്തിൻ്റെ സഹോദരിയുടെ വേഷമായിരുന്നു നിഖിലയ്ക്ക് . ഹൊറര്‍ തീം ആയതുകൊണ്ട് തന്നെ നിരവധി വിഎഫ്എക്സ് രംഗങ്ങള്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു. ഈ ചിത്രത്തെക്കുറിച്ചുള്ള നിഖിലയുടെ ഒരു അഭിപ്രായം ഇപ്പോള്‍ വളരെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഈ സിനിമയിലെ ഏതെങ്കിലും ഒരു രംഗം കുറച്ചുകൂടി നന്നാക്കി ചെയ്യാമായിരുന്നു എന്ന് തോന്നുന്നുണ്ടോ എന്ന് അഭിമുഖകാരന് ചോദിച്ചിരുന്നു. അപ്പോഴാണ് നിഖില മനസ് തുറന്നത്. താന്‍ കുറച്ച് ബുദ്ധിമുട്ടി ചെയ്ത സീന്‍ എക്സോര്ഷന് രംഗമായിരുന്നുവെന്നാണ് നിഖില പറയുന്നത്. പതിനഞ്ചോളം ദിവസം കൊണ്ടായിരുന്നു ആ രംഗം എടുത്തത്. അത് ഷൂട്ട് ചെയ്യുന്ന സമയത്ത് എല്ലാവരും കൃത്യ സമയത്ത് സെറ്റില്‍ ഉണ്ടായിരിക്കണം എന്നതുകൊണ്ട് തന്നെ വളരെ സംഗീര്ണമായിരുന്നു ചിത്രീകരണം. സിനിമയ്ക്കും വളരെ നിര്‍ണയാകമായിരുന്നു ആ രംഗമെന്നും നിഖില പറയുന്നു

ക്ലൈമാക്സ് രംഗത്തിന്റെ കൂടുതല്‍ ഭാഗങ്ങളും ഗ്രീന്‍ മാറ്റില്‍ ആയിരുന്നു ചിത്രീകരിച്ചത് . സംവിധായകനായ ജോഫിന്‍ വന്ന് പറയുമ്പോള്‍ ഞെട്ടുന്നതായി അഭിനയിക്കണം. ഒരു സാധനം വരുന്നതായി സങ്കല്‍പ്പിച്ച് നമ്മള് ഞെട്ടണം എന്നായിരുന്നു സംവിധായകൻ്റെ നിർദേശം. പക്ഷെ വരുന്നതെന്താണെന്ന് അറിയില്ലായിരുന്നു.

ഒടുവില്‍ തീയേറ്ററില്‍ കണ്ടപ്പോഴാണ് ഇതിനായിരുന്നോ താന്‍ ഞെട്ടിയത് എന്ന് മനസ്സിലായതെന്നും നിഖില കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കണ്ടു കഴിഞ്ഞപ്പോള്‍ കുറച്ചുകൂടി നന്നായി ഞെട്ടുന്നതായി അഭിനയിക്കാമായിരുന്നെന്ന് തനിക്ക് തോന്നിയതായി നിഖില പറയുന്നു. ചിത്രത്തിലെ സുപ്രധാനമായ ക്ലൈമാക്സ് രംഗത്തെക്കുറിച്ചാണ് നിഖില മനസ് തുറന്നത്.

കൊറോണകാലത്ത് ചിത്രീകരിച്ച മമ്മൂട്ടി-മഞ്ജു വാര്യര്‍ ചിത്രമാണ് ദ പ്രീസ്റ്റ്. മലയാളത്തിലെ ഈ രണ്ട് സുപ്രധാന താരങ്ങള്‍ ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന്റെ സവിശേഷതയാണ്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സംവിധായകന്. അദ്ദേഹത്തിന്റെ തന്നെയാണ് തിരക്കഥയും.
