
എൺപതുകളിൽ മലയാളത്തിലെ ഏറ്റവും തിരക്കേറിയ നായികാ നടിയായി വിലസ്സിയ താരമാണ് സീമ. ഇവരുടെ ശരിക്കും ഉള്ള പേര് ശാന്തി എന്നാണ്. സിനിമയ്ക്കു വേണ്ടിയാണ് പേര് മാറ്റിയത്. സിനിമയിൽ എത്തുന്നതിന് മുന്‍പ് ഒരു നർത്തകിയായി ആണ് സീമ അറിയപ്പെട്ടിരുന്നത്. സീമയുടെ അഭിനയസപര്യയിലെ വഴിത്തിരിവായി മാറിയ ചലച്ചിത്രം ആയിരുന്നു അവളുടെ രാവുകൾ. ഈ ചിത്രത്തിന്റെ സംവിധായകന് ആയ ഐ.വി. ശശി തന്നെയാണ് സീമയുടെ ഭർത്താവ്. ഐവി ശശി മലയാള സിനിമയുടെ ഒരു കാലഘട്ടം തന്നെ അടയാളപ്പെടുത്തിയ സംവിധായകനാണ് .
1957 മെയ് 22നാണ് സീമ ജനിച്ചത്. 12 വയസ്സു മുതൽ നൃത്തം അഭ്യസിച്ചുവരുന്നു. ഒരു നർത്തകിയായി സിനിമാജീവിതം തുടങ്ങിയ സീമക്ക് ഐ.വി.ശശി സംവിധാനം ചെയ്ത അവളുടെ രാവുകൾ എന്ന ചിത്രത്തിൽ അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു വഴിത്തിരിവായി മാറി. പിന്നീട് മലയാള സിനിമയില്‍ കരുത്തുറ്റ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ സീമയ്ക്ക് കഴിഞ്ഞു. 1978ല്‍ പുറത്തിറങ്ങിയ അവളുടെ രാവുകള്‍ എന്ന ചിത്രത്തിലേക്ക് താന്‍ എത്തപ്പെട്ടതിനെക്കുറിച്ച് സീമ പറയുകയുണ്ടായി.

ഒരു സുപ്രഭാതത്തിലാണ് ശശിയേട്ടന് തന്നോട് പറയുന്നത് അവളുടെ രാവുകള്‍ എന്ന ചിത്രത്തിലെ ഹീറോയിന് താനാണെന്ന്. ഈ മനുഷ്യന് എന്താണ് ചെയ്യാന്‍ പോകുന്നത് എന്നാണ് അത് കേട്ടപ്പോള്‍ താന്‍ ആലോചിച്ചത് എന്ന് സീമ പറയുന്നു. പിന്നീട് മേക്കപ്പ് ടെസ്റ്റ് നടത്തി ഫോട്ടോ എടുത്തു. എന്നാല്‍ അതൊന്നും കൊള്ളില്ലെന്ന് ശശിയേട്ടന് തന്നോട് പറഞ്ഞു. ഒരു ദിവസ്സം വൈകീട്ട് തലയിലെ എണ്ണയെല്ലാം കഴുകി കളഞ്ഞ് മുടി കഴുകി വരാന്‍ തന്നോട് പറഞ്ഞു. അങ്ങനെയെടുത്ത ഫോട്ടോകളെല്ലാം വളരെ നന്നായി. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങാറായപ്പോള്‍ ശശിയേട്ടന് പറഞ്ഞത് തീരുമാനമായിട്ടില്ല എന്നാണ്. നോക്കിയിട്ട് മാത്രമേ ഇതില്‍ അഭിനയിപ്പിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. നായികയാണെന്ന് ആരോടും പറയാതിരുന്നത് നന്നായി എന്ന് തനിക്ക് അപ്പോള്‍ തോന്നിയതായും സീമ ഓര്‍ക്കുന്നു.
എന്നാല്‍ തന്നെ നായികയാക്കി ഷൂട്ടിംഗ് ആരംഭിച്ചുവെന്ന് കൂടെ ഉള്ളവര്‍ പറഞ്ഞപ്പോഴാണ് താന്‍ അറിയുന്നത്. എന്നാല്‍ അത്തരമൊരു കഥാപാത്രം ചെയ്യുന്നതില്‍ തനിക്ക് വിഷമമൊന്നും തോന്നിയില്ലന്നും സീമ കൂട്ടിച്ചേര്‍ത്തു.