മലയാള സിനിമാ പ്രവര്‍ത്തകര്‍ കൊടും പട്ടിണിയിൽ, പറയുന്നത് അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു !

കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സമൂഹത്തിന്‍റെ നാനാ തുറയില്‍ ഉള്ളവരും പട്ടിണിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. സാധാരണക്കാരുടെ കണ്ണിൽ ഏറ്റവുമധികം ഗ്ലാമറും പണവും പ്രശസ്തിയും ഉള്ള ഒരു ഒരു തൊഴിൽ മേഖലയാണ് സിനിമ.

എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന കോവിഡ് പ്രതിസന്ധി സിനിമാ മേഖലയിലുള്ള ഒരു വിഭാഗം മനുഷ്യരെ വല്ലാതെ തകർത്തു കളഞ്ഞു എന്ന് അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബു പറയുന്നു.

ചലച്ചിത്രപ്രവർത്തകർ എല്ലാം തന്നെ വല്ലാത്ത ഒരു അവസ്ഥയിലൂടെ ആണ് പൊയ്ക്കൊണ്ടിരിക്കുന്നത്. സർക്കാർ ഉടൻ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഈ മേഖലയിലുള്ള ഭൂരിഭാഗം മനുഷ്യരും പട്ടിണിയിലേക്ക് കൂപ്പ് കുത്തും. ഈ ഇന്‍റസ്ട്രിയിലെ ഭൂരിഭാഗം മനുഷ്യരും നരകയാതന അനുഭവിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.

ചലച്ചിത്രപ്രവർത്തകർ എല്ലാവരും തന്നെ വാക്സിൻ എടുക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇതിൻറെ ഭാഗമായി ഒരു ക്യാമ്പ് നടത്തിയിരുന്നു. ഇതില്‍ താരങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ഒപ്പമുള്ള മറ്റ് സഹായികളെയും കൂടാതെ ഓഫീസിനടുത്തുള്ള മറ്റ് പരിസരവാസികളെയും അമ്മയുടെ വാക്സിനേഷൻ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.

രണ്ടാം തരംഗം വന്നതോടുകൂടി സിനിമ വ്യവസായം പൂർണമായും നിലച്ചിരിക്കുകയാണ്. ഇനിയെങ്കിലും സിനിമാ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിരോധ കുത്തിവെപ്പിന്‍റെ അനിവാര്യത മനസ്സിലാക്കിക്കൊണ്ടാണ് അമ്മ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിൻറെ ഉദ്ഘാടനം മഞ്ജുവാര്യർ നിർവഹിച്ചു. സീരിയല്‍ നിര്‍മാണത്തിന് അനുമതി നൽകിയത് പോലെ നിയന്ത്രണം പാലിച്ചു സിനിമ ചിത്രീകരണം തുടങ്ങാനും സർക്കാർ അനുവദിക്കണമെന്ന് ചടങ്ങിൽ പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published.