തൻറെ സഹോദരിയും ഗായികയുമായ അമൃത സുരേഷിനെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ രൂക്ഷ വിമർശനവുമായി അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷ് രംഗത്ത്. കരൾ രോഗ ബാധിതനായതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന അമൃതയുടെ മുൻ ഭർത്താവും നടനുമായ ബാലയെ കാണാൻ മകളുടെ ഒപ്പം ആശുപത്രിയിൽ എത്തിയ അമൃത സുരേഷ് ആശുപത്രിയില്‍ വച്ച് ബാലയോട് മോശമായി പെരുമാറി എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയുണ്ടായി. ചില ഓൺലൈൻ മാധ്യമങ്ങളാണ് ഇത്തരത്തിലുള്ള പ്രചരണങ്ങൾക്ക് പിന്നിൽ. ഇതിനെതിരെയാണ് അഭിരാമി സുരേഷ് രംഗത്തെത്തിയത്.
ഇപ്പോൾ പുറത്ത് പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് അഭിരാമി പറയുന്നു. നിരവധി മോശപ്പെട്ട വാർത്തകൾ തന്റെ സഹോദരിക്കെതിരെ പറഞ്ഞു കേൾക്കുമ്പോഴും കഥകൾ മെനഞ്ഞെടുക്കുമ്പോഴും അത് പ്രചരിപ്പിക്കുമ്പോഴും വിഷമം തോന്നാറുണ്ട്. ഇത് ആദ്യമായല്ല ഇത്തരത്തിലുള്ള സംഭവം ഉണ്ടാകുന്നത്. ഇതുവരെ പ്രതികരിക്കാതിരിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു വാർത്തയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തികച്ചും വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവും ആണ്. ഈ സംഭവത്തിൽ കുടുംബത്തിനു വലിയ തോതിലുള്ള അഭിമാനക്ഷതം ഉണ്ടായി. ഒരു വ്യക്തിയെ അനാവശ്യമായ അപകീർത്തിപ്പെടുത്തുന്നതു ക്രൂരവും വേദനാജനകവും ആണ്. അത് ശരിയല്ല. ഇൻറർനെറ്റും സമൂഹ മാധ്യമങ്ങളും ശരിയായ രീതിയിൽ ഉപയോഗിക്കണം.
ഒരു യൂട്യൂബ് ചാനൽ സൃഷ്ടിച്ചെടുക്കുന്നതിന്റെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നന്നായി അറിയാം. എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാർത്തകൾ നൽകി ആളുകളുടെ വെറുപ്പ് നേടിത്തരുന്നത് ഒരിക്കലും നല്ല കാര്യമായി തോന്നുന്നില്ല. ഓരോ വ്യക്തിയും നന്നാകേണ്ടത് മറ്റുള്ളവരെ പഴി കേൾപ്പിച്ചല്ല. ആരും പൂർണ്ണരായ വ്യക്തികൾ അല്ല. എന്നാൽ വീണു കിടക്കുന്ന മരമാണ് ഓടിക്കയറാം എന്ന മനോഭാവമാണ് ഉള്ളതെങ്കിൽ അതിനു കനത്ത വില നല്‍കേണ്ടി വരും. അത് ആരാണെങ്കിലും. തൻറെ സഹോദരിക്കെതിരെ മോശം വാർത്തകൾ പ്രചരിപ്പിച്ച ചാനൽ ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്നില്ല. പക്ഷേ തങ്ങൾക്ക് എതിരെ മോശം കണ്ടന്‍റ് ഇനിയും ഉണ്ടാവുക ആണെങ്കിൽ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് അഭിരാമി മുന്നറിയിപ്പ് നല്കി.