ക്രൗഡ് ഫണ്ടിങ്ങിലൂടെ പൂർത്തീകരിച്ച 1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രം വൻ വിജയമായി മാറിയെന്ന് ചിത്രത്തിന്റെ സംവിധായകൻ രാമൻസിംഹന്‍ അബൂബക്കർ അവകാശപ്പെട്ടു. തന്റെ ചിത്രം പല തീയേറ്ററുകളിലേക്കും തിരികെ എത്തുകയാണെന്നും സമൂഹ മാധ്യമത്തിൽ പങ്കു വെച്ച കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു.
ശങ്കരാഭരണം എന്ന ചിത്രത്തിനു ശേഷം തീയേറ്ററിൽ നിന്നും പുറത്തു പോയിട്ടു അതേ തീയറ്ററിൽ തിരികെ എത്തുന്ന ചിത്രമാണ് പുഴമുതൽ പുഴ വരെ എന്ന് അദ്ദേഹം പറയുന്നു. ഒഴിവാക്കിയ പല തീയേറ്ററുകളിലേക്കും ചിത്രം വീണ്ടും തിരികെ എത്തിയിരിക്കുകയാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
തന്റെ ചിത്രം കാനഡയിൽ റിലീസ് ചെയ്യുന്നതിന്റെ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിൻറെ ഹിന്ദി പതിപ്പിന്റെ സെൻസറിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടക്കുകയാണ്. മാത്രമല്ല മറ്റു ഭാഷാ പതിപ്പുകളുടെ കാര്യവും ഇപ്പോള്‍ സംസാരിക്കുന്നുണ്ട്. ചിത്രം കന്നഡയിലേക്ക് മൊഴി മാറ്റാനുള്ള സാധ്യത കൂടി പരിഗണിക്കുന്നതായും തമിഴ്നാട്ടിലേക്കും ചിത്രം എത്തിയേക്കുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വസം പ്രകടിപ്പിച്ചു.
തന്റെ ചിത്രം വിജയമായി മാറിയെന്നും കൂടുതൽ മെച്ചപ്പെട്ട വിജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തെ കുറ്റം പറയുന്നത് കൂടുതലും കണ്ടവരല്ല. കാണാത്തവരാണ് ചിത്രത്തെ കുറ്റപ്പെടുത്തുന്നത്.
ക്രൗഡ് ഫണ്ടിങ്ങിലൂടെ മമധർമ്മ പ്രൊഡക്ഷന്റെ ബാനറിൽ രണ്ടരക്കോടി രൂപ മുടക്കിയാണ് ചിത്രം പൂർത്തീകരിച്ചത്. ഒരു ദിവസം രണ്ടര ലക്ഷം രൂപ ചിലവിൽ 50 ദിവസത്തോളം ആണ് ചിത്രീകരണം നടത്തിയത്. ചിത്രത്തിൻറെ വിജയത്തിലൂടെ ലഭിക്കുന്ന പണം വിവിധ സാമൂഹിക സേവന പദ്ധതികൾക്ക് വേണ്ടി ചെലവാക്കുമെന്നും അദ്ദേഹം പറഞ്ഞു.