മാളികപ്പുറം എന്ന ചിത്രത്തിലൂടെ സൂപ്പർ താര പദവിയിലേക്ക് ഉയർന്ന നടനാണ് ഉണ്ണി മുകുന്ദൻ. ഇന്ന് താരപ്രഭയിൽ വിലസുന്ന അദ്ദേഹത്തിൻറെ തുടക്ക കാലം നിരവധി പ്രയാസങ്ങളും കഷ്ടതകളും നിറഞ്ഞതായിരുന്നു. ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ അദ്ദേഹം തുറന്നു സംസാരിക്കുകയുണ്ടായി.
താൻ ലോഹിത ദാസിന് കത്ത് അയച്ചപ്പോൾ അദ്ദേഹം അത് വായിക്കുമെന്ന് ഒരിക്കല്‍പ്പോലും ചിന്തിച്ചിരുന്നില്ല. ഒരു മാസത്തിനു ശേഷമാണ് അദ്ദേഹത്തിൻറെ ഒരു കോൾ ലഭിക്കുന്നത്. അസിസ്റ്റൻറ് ഡയറക്ടർ ആണ് വിളിച്ചത്. പിന്നീടുള്ള ജീവിതം ഒരു സിനിമ പോലെ തന്നെയാണ് തോന്നിയിട്ടുള്ളത്. മൂന്നു മാസം ലീവ് എടുക്കാതെ ജോലി ചെയ്താൽ ലഭിക്കുന്ന 8 ലീവുകൾ എടുത്തതാണ് കേരളത്തിലേക്ക് ട്രെയിൻ കയറിയത്. ലീവെടുത്ത് നാട്ടിലെത്തി അവസരങ്ങൾ ലഭിക്കുന്നതിന് വേണ്ടി അലഞ്ഞു. പലപ്പോഴും യാത്രയ്ക്ക് വേണ്ടി മാത്രം ദിവസങ്ങള്‍ വേണ്ടി വന്നു. കാണാമെന്നു പലരും പറയും, പക്ഷേ അങ്ങനെ പറയുന്നവരെ ഒന്നും പിന്നീട് പറയുന്ന സ്ഥലത്ത് വച്ച് കാണാൻ പറ്റില്ല. അപ്പോഴേക്കും ലീവ് കഴിയുകയും ചെയ്യും. ഒരുപാട് അലഞ്ഞാണ് അവസരങ്ങൾ നേടിയെടുത്തത്. ഇന്ന് ഒരു വലിയ വണ്ടി വാങ്ങിയതിന്റെ പേരിൽ വിവാദമുണ്ടായി, എന്നാൽ ഈ എറണാകുളം സിറ്റി മുഴുവൻ താൻ നടന്നു പോയിട്ടുണ്ട് എന്ന കാര്യം ആർക്കും അറിയില്ല. ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നും തേവര വരെ നടന്നിട്ടുണ്ട്. പണ്ട് വണ്ടി ഇല്ലാതിരുന്നപ്പോൾ കുടയും പിടിച്ചാണ് ഓരോ ലൊക്കേഷനിലും പോയി അവസരം ചോദിച്ചിട്ടുള്ളത്.പല ലൊക്കേഷനുകളിലായി 13 കുടകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ കഥകളെല്ലാം മമ്മൂട്ടിക്ക് അറിയാം. അത്രത്തോളം കഷ്ടപ്പെട്ടതിന് ശേഷമാണ് സ്വന്തമായി വാഹനം വാങ്ങിയതെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു.