കേരളത്തിൽ മാലിന്യ സംസ്കരണത്തിന് വളരെ നൂതനമായ സാങ്കേതിവിദ്യ അധികൃതരുടെ മുന്നിൽ അവതരിപ്പിച്ചുവെങ്കിലും അത് ആരും മനസ്സിലാക്കിയില്ലെന്ന് നിർമാതാവ് ഗുഡ് നൈറ്റ് മോഹൻ അഭിപ്രായപ്പെട്ടു. ബ്രഹ്മപുരത്തെ തീപിടുത്തവുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നടൻ ശ്രീനിവാസനാണ് ഗുഡ് നൈറ്റ് മോഹൻ മുന്നോട്ടുവച്ച മാലിന്യ സംസ്കരണ പദ്ധതി അധികൃതർ തള്ളിയ വിവരം വെളിപ്പെടുത്തിയത്. ഇതിൽ വിശദീകരണം നൽകിയിരിക്കുകയാണ് നിർമ്മാതാവ് ഗുഡ്നൈറ്റ് മോഹൻ. വളരെ നൂതനമായ പ്ലാസ്മ സാങ്കേതികവിദ്യ 20 വർഷം മുൻപ് കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള നഗരസഭയിലെ അധികൃതർക്ക് മുന്നിൽ സമർപ്പിച്ചിരുന്നു. പക്ഷേ അന്ന് ആർക്കും അതിൽ ഒരു താല്പര്യവും ഇല്ലായിരുന്നു. ആരും അത് മനസ്സിലാക്കാൻ പോലും ശ്രമിച്ചിരുന്നില്ല എന്ന് മോഹൻ പറയുന്നു.
ഒരു അമേരിക്കൻ കമ്പനിയുമായി ചേർന്ന് ഈ പദ്ധതി നടപ്പാക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്. മാലിന്യ സംസ്കരണത്തിന് പ്ലാസ്മ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഇത് ഉപയോഗിച്ച് പ്ലാസ്റ്റിക്, ഇരുമ്പ് തുടങ്ങി എന്തും സംസ്കരിക്കാൻ കഴിയും. ഇത് സംസ്കരിക്കുമ്പോൾ ആകെ രണ്ട് ഉൽപ്പന്നമാണ് ഉണ്ടാകുന്നത്. ഊർജ്ജവും, സ്ലാബും. ഖര മാലിന്യം ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകത്തെ ഇരുമ്പും കല്ലും കൂട്ടിച്ചേർത്ത് ഇന്‍റര്‍ലോക്ക് സ്ലാബ് ഉണ്ടാക്കാൻ വേണമെന്നായിരുന്നു അന്ന് ആവശ്യപ്പെട്ടത്. ഊർജ്ജം അവർക്ക് നൽകാമെന്നും പറഞ്ഞിരുന്നു. ഇൻറർലോക്ക് സ്ലാബ് ഉണ്ടാക്കാൻ ആയിരുന്നു പദ്ധതി . ജപ്പാനിൽ ഉൾപ്പെടെ ഈ പദ്ധതി നടപ്പിലാക്കി വിജയിച്ചിരുന്നു. അത് കണ്ടു പഠിച്ചതിനു ശേഷം ആണ് ഇവിടെ അവതരിപ്പിക്കാൻ തീരുമാനിച്ചത്. ഇതിൻറെ ഭാഗമായി പത്തേക്കർ ഭൂമി കോർപ്പറേഷൻ ഏറ്റെടുത്ത് നൽകിയാൽ പണം നൽകി മാലിന്യം സംസ്കരിക്കുന്നതിനുള്ള പ്ലാൻറ് സ്ഥാപിക്കാം എന്നും അതുവഴി 250 ടൺ മാലിന്യം സംസ്കരിക്കാൻ കഴിയുമെന്നും അറിയിച്ചിരുന്നു. പക്ഷേ അന്ന് ഈ പദ്ധതി അവതരിപ്പിച്ചപ്പോൾ ആർക്കും അത് മനസ്സിലായില്ല. അത് അധികൃതർ തള്ളുകയായിരുന്നു എന്ന് ഗുഡ് നൈറ്റ് മോഹൻ പറയുന്നു.