നീണ്ട 14 വർഷത്തിനു ശേഷം കീരവാണിയിലൂടെ വീണ്ടും ഓസ്കാറിൽ മുത്തമിട്ടിരിക്കുകയാണ് ഇന്ത്യ. ചലച്ചിത്ര ലോകത്ത് നിരവധി വർഷങ്ങളായി തുടരുന്ന കീരവാണിയെ സംബന്ധിച്ച് ഏറെ അവിസ്മരണീയമായ നേട്ടമാണ് ഇത്. നിരവധി പ്രമുഖരെ പിന്തള്ളിയാണ് കീരവാണി ഈ നേട്ടം സ്വന്തമാക്കിയത്. എന്നാൽ ആർ ആർ ആർ എന്ന ചിത്രത്തെയും അതിൻറെ സംഗീതത്തെയും രൂക്ഷമായ വിമർശിക്കുകയാണ് സംവിധായകൻ കമൽ ചെയ്തത്. നേരത്തെ ചിത്രത്തിന് ഗോൾഡൻ ഗ്ലോബ് ലഭിച്ചപ്പോൾ അതിനെ നിസ്സാരവൽക്കരിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഓസ്കാറും ഗോൾഡൻ ഗ്ലോബും മഹത്തായ പുരസ്കാരങ്ങൾ അല്ല എന്ന് അദ്ദേഹം പറയുകയുണ്ടായി.
സിനിമയിൽ ഇപ്പോൾ ഹിന്ദുത്വവൽക്കരണമാണ് നടക്കുന്നത്. ആ ചിത്രം കണ്ടവർക്ക് അത് മനസ്സിലാകും. തന്റെ വിമർശനം അതിന്റെ പ്രമേയത്തെ കുറിച്ചാണ്. നാട്ടിലെ നിലവിലത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ മുൻനിർത്തി കൂടുതൽ ആൾക്കാരെ സ്വാധീനിക്കുന്നതിന് വേണ്ടി പല സംവിധായകരും ഇത് ഒരു എളുപ്പവഴിയായി ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം ചിത്രങ്ങൾക്ക് അംഗീകാരങ്ങൾ ലഭിക്കുന്നത് കച്ചവട താൽപര്യത്തിന്റെ പുറത്താണ്.
ഗോൾഡൻ ഗ്ലോബോ ഓസ്കാർ അവര്‍ഡോ ഒന്നും അത്ര മഹത്തായ പുരസ്കാരങ്ങളാണ് എന്ന് കരുതുന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ എന്തുകൊണ്ട് ഈ ചിത്രം കാന്‍ ഫെസ്റ്റിവലിലേക്കോ വെനീസ് ചലച്ചിത്ര മേളയിലേക്കോ തിരഞ്ഞെടുക്കപ്പെട്ടില്ല എന്ന് കമല്‍ ചോദിക്കുന്നു.
15 വർഷം മുൻപ് ആയിരുന്നെങ്കിൽ നാട്ടു നാട്ടു എന്ന ഗാനത്തിന് ഗോൾഡൻ ഗ്ലോബ് ലഭിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. കീരവാണി ഒരു മികച്ച സംഗീത പ്രതിഭയാണ് എങ്കിലും അദ്ദേഹത്തിൻറെ ഏറ്റവും നല്ല ഗാനം അല്ല നാട്ടൂ നാട്ടൂ. ചില കച്ചവട താൽപര്യങ്ങൾക്കപ്പുറം ഇത്തരം പുരസ്കാരങ്ങളില്‍ എന്തെങ്കിലും ഉണ്ട് എന്ന് താൻ വിശ്വസിക്കുന്നില്ല എന്നും കമൽ അന്ന് പറയുകയുണ്ടായി. നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കാർ കൂടി ലഭിച്ചതോടെ കമലിന്റെ ഈ വാക്കുകൾ വീണ്ടും ചർച്ചയിൽ വന്നിരിക്കുകയാണ്.