നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് മമ്ത മോഹൻദാസ് . തൻറെ പുതിയ ചിത്രത്തിന്‍റെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെ അവർ മനസ് തുറന്നു സംസാരിച്ചു.
ഒരു പ്ലാനിങ് ഇല്ലാതെയാണ് കരിയർ മുന്നോട്ടു കൊണ്ടു പോയത് എന്ന് മമ്ത പറയുന്നു. അസുഖത്തിന് ശേഷം രണ്ടാമത് എത്തിയപ്പോഴാണ് സിനിമയെ സീരിയസായി കണ്ടു തുടങ്ങിയത്. പിന്നീടാണ് ആ ജോലിയോട് സ്നേഹമുണ്ടാകുന്നത്. അത് യഥാർത്ഥത്തിൽ ഒരു രക്ഷപ്പെടൽ കൂടിയായിരുന്നു. ഒരുപാട് തിരക്കുകളിൽ പെടുമ്പോൾ ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കാൻ കഴിയില്ല. അതുകൊണ്ട് തിരക്ക് പിടിച്ച് വർക്കുകൾ ചെയ്തു. എന്നാൽ പിന്നീടാണ് സ്വന്തം പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് ജോലി ചെയ്യുന്നത് എന്ന് മനസ്സിലായത്. യഥാർത്ഥ പ്രശ്നങ്ങളെ നേരിടാൻ മടിച്ചു. പിന്നീട് ലോസ് ഏഞ്ചൽസിൽ പോയപ്പോഴാണ് അത് തിരിച്ചറിയുന്നത്. ആ സമയത്തുള്ള അനുഭവങ്ങളാണ് ഏറ്റവും വലിയ സമ്പാദ്യമായി കാണുന്നത്. പിന്നീടാണ് സിനിമ ഒരു കരിയർ ആക്കി മാറ്റണം എന്ന ചിന്ത വരുന്നത്.
എന്നാൽ എത്രത്തോളം വലിയ കരിയർ ആയിരിക്കണം എന്ന പ്ലാൻ ഒന്നും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. മ്യാവു എന്ന ചിത്രത്തിൽ ഒരു കുട്ടിയുടെ അമ്മയായിട്ടാണ് അഭിനയിക്കുന്നത്. ഒരു കുട്ടിയുടെ അമ്മയായി അഭിനയിക്കുമ്പോൾ വല്ലാതെ ഫെയ്ക്ക് ചെയ്യേണ്ടതായി വരുമെന്ന് അവർ പറയുന്നു. കാരണം താൻ ഇപ്പോൾ കുട്ടികളെ നോക്കി കാണുന്നത് സുഹൃത്തുക്കളെ പോലെയാണ്. ഇന്നത്തെ കുട്ടികളൊന്നും അത്ര കുട്ടികളല്ല . ചെറിയ കുട്ടികൾ ടീനേജ്‌സിനെ പോലെയാണ് സംസാരിക്കുന്നത്. അവർക്ക് വലിയ മെച്യുരിറ്റി ഉണ്ട്. അതുകൊണ്ടുതന്നെ പ്രായ വ്യത്യാസം ഇല്ലാതാകുന്നു. പ്രായമാകുന്നതും വളരെ പതുക്കെയാണ്. ഇപ്പോൾ 38 വയസ്സായി. താൻ വളർന്ന പ്രായത്തിൽ 38 വയസ് എന്നത് മുത്തശ്ശി ആകാനുള്ള പ്രായമായിരുന്നുവെന്നും മമ്ത മോഹൻദാസ് പറയുന്നു.