തന്റെ മൊബൈൽ ഫോണിലേക്ക് പതിവായി അശ്ലീല ദൃശ്യങ്ങളും മെസ്സേജുകളും അയച്ച ആളിനെ വിളിച്ചു വരുത്തി പോലീസിന് കൈമാറി ഹനാൻ. കുമ്പളങ്ങി സ്വദേശിയായ ജോസഫിനെയാണ് ഹനാൻ തന്ത്ര പൂർവ്വം കൊച്ചിയിലേക്ക് വിളിച്ചു വരുത്തി പോലീസിന് കൈമാറിയത്. ഹനാന്റെ ഈ നീക്കം സമൂഹ മാധ്യമത്തിൽ അടക്കം വലിയ ശ്രദ്ധ പിടിച്ചു പറ്റി. സമാധാനത്തോടെ എങ്ങനെയാണ് കേരളത്തിൽ ജീവിക്കാൻ കഴിയുക എന്ന ഹനാൻ ചോദിക്കുന്നു. പെൺകുട്ടികൾക്ക് എതിരെ വരുന്ന ലൈംഗിക അതിക്രമങ്ങൾ വർദ്ധിച്ചു വരികയാണ് എന്നും ഹനാൻ പറയുന്നു.
പാവാട പോലെയുള്ള വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് ആൾത്തിരക്ക് കുറഞ്ഞ വിജനമായ സ്ഥലങ്ങളിൽ പോകരുത് എന്നൊക്കെയാണ് അയാൾ മെസ്സേജ് അയച്ചത്. അതിന്‍റെ ഒപ്പം തന്നെ അയാൾ നഗ്ന ദൃശ്യങ്ങളും തനിക്ക് മെസ്സേജായി അയച്ചുവെന്ന് ഹനാൻ പറയുന്നു.
നേരത്തെയും ട്രെയിൻ യാത്രയ്ക്കിടെ തന്നോട് മോശമായി പെരുമാറിയ ചില സാമൂഹ്യ വിരുദ്ധരെ ഹനാൻ തന്നെ വെളിച്ചത്ത് കൊണ്ടു വന്നിരുന്നു. ജലന്ധറിൽ ഒരു പരീക്ഷ എഴുതാൻ പോയപ്പോഴാണ് ട്രെയിനിനുള്ളിൽ വച്ച് ഹനാന് ഒരുപറ്റം ആളുകളിൽ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. ഉടൻതന്നെ ഇതിൻറെ വീഡിയോ പകർത്തി ഹനാൻ സമൂഹ മാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചിരുന്നു. ഈ വീഡിയോ കണ്ട് സംഭവ സ്ഥലത്ത് എത്തിയ പോലീസ് എന്നാൽ അക്രമികൾക്ക് അനുകൂലമായ നിലപാടാണ് എടുത്തത് എന്നും തന്നോട് ട്രെയിനിൽ നിന്നും ഇറങ്ങാൻ പറഞ്ഞു എന്നും ഹനാൻ അന്ന് പറഞ്ഞത് സമൂഹ മാധ്യമത്തിൽ വലിയ ചർച്ചയായി മാറിയിരുന്നു.