മലയാളി ഉള്ളടത്തോളം കാലം ഓർമ്മിക്കപ്പെടുന്ന നടിയാണ് ഷീല. ജീവിതത്തിൻറെ വാർദ്ധക്യത്തിൽ എത്തി നിൽക്കുമ്പോഴും അവർ ഇടയ്ക്കിടയ്ക്ക് സിനിമയിൽ പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ മാധ്യമത്തിലൂടെ പുറത്തു വന്ന അവരുടെ അഭിമുഖം ഏറെ ശ്രദ്ധ നേടിയിരുന്നു. അതിൽ അഭിനയ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമൊക്കെ അവർ മനസ്സു തുറന്നു.
സിനിമയിൽ അഭിനയിക്കുക എന്നത് ജീവശ്വാസം പോലെ പ്രധാനപ്പെട്ടതാണ് തനിക്കൊന്ന് ഷീല പറയുന്നു. വർഷത്തിൽ ഒന്നോ രണ്ടോ സിനിമയിൽ അഭിനയിച്ചാൽ മാത്രം മതി. ഏതു ജോലിയാണെങ്കിലും അതിൽ നിന്നും വിരമിക്കാൻ പാടില്ല. അങ്ങനെ വിരമിച്ചാൽ പിന്നെ നമ്മൾ മരിച്ചു. മരണംവരെ എന്തെങ്കിലും ജോലി ചെയ്തു കൊണ്ടിരിക്കണം എന്നതാണ് ആഗ്രഹം.
ഒരുപാട് പടത്തിൽ അഭിനയിച്ച വ്യക്തിയാണ് താൻ. പിന്നീട് സിനിമ അഭിനയം നിർത്തിയിട്ട് പോകാൻ തോന്നി. ആവശ്യത്തിലധികം പണം കിട്ടി. കുറേക്കാലം ജീവിക്കാനുള്ള പണം കിട്ടിയപ്പോൾ അഭിനയം മതിയാക്കാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് സിനിമ സംവിധാനം ചെയ്തത്. 3 സിനിമകൾ സംവിധാനം ചെയ്തു. സംവിധാനം വളരെ പ്രയാസമാണ്.
ഇനി ഒരു മനുഷ്യജന്മം വേണ്ട. ആഗ്രഹങ്ങൾ തീർക്കാതെ പോകുന്നവരാണ് വീണ്ടും ജന്മമെടുക്കുന്നത്. തന്റെ എല്ലാ ആഗ്രഹങ്ങളും തീർന്നു. ദൈവം എല്ലാം തന്നു. വളരെ തൃപ്തയാണ്. വിൽപ്പത്രം എഴുതി വച്ചിട്ടുണ്ട്. ഒരു മകൻ മാത്രമേയുള്ളൂ, അതുകൊണ്ട് സ്വത്തിന്റെ കാര്യത്തിൽ വിൽപത്രം ആവശ്യമില്ല. അവസാന ആഗ്രഹം അതിൽ എഴുതിയിട്ടുണ്ട്. മരിച്ചാൽ ദഹിപ്പിക്കണം. തന്റെ മതവിശ്വാസം അനുസരിച്ച് കുഴിച്ചിടാനേ പാടുള്ളൂ. പക്ഷേ തന്നെ ദഹിപ്പിക്കണം എന്നാണ് ആഗ്രഹം. ആ ചാമ്പൽ കൊണ്ടുപോയി ഭാരതപ്പുഴയിൽ ഒഴുക്കണം. അതാണ് അവസാനത്തെ ആഗ്രഹമെന്ന് ഷീല പറഞ്ഞു.