മലയാളത്തിൽ നിരവധി ആരാധകർ ഉള്ള തമിഴ് നടനാണ് അജിത് കുമാർ. അജിത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സമയത്ത് അദ്ദേഹത്തിൻറെ ഒപ്പം നിന്നത് മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് എന്നത് അധികം ആർക്കും അറിയാത്ത കാര്യമാണ്. സംവിധായകൻ രാജീവ് മേനോൻ ആണ് ഇതേക്കുറിച്ച് അടുത്തിടെ തുറന്നു പറഞ്ഞത്. മിൻസാര കനവ് എന്ന ചിത്രത്തിനു ശേഷം അത്തരത്തില്‍ മറ്റൊരു ചിത്രം സംവിധായകന്‍ പ്ലാൻ ചെയ്തിരുന്നു. പാര്‍ത്ഥിപന്‍, മഞ്ജു വാര്യർ എന്നിവരെ ഉപയോഗിച്ചു ചെറിയ ഒരു ചിത്രമായിരുന്നു അന്ന് പദ്ധതി ഇട്ടിരുന്നത്. പിന്നീട് അത് അജിത്തിൽ എത്തി.
അന്ന് അജിത്ത് മുതുകിൽ ഒരു ശസ്ത്രക്രിയ നടത്തിയതിന് ശേഷം ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വിശ്രമത്തിൽ കഴിയുകയായിരുന്നു. അജിത്ത് ഇന്നത്തെപ്പോലെ ഒരു സൂപ്പർതാരം ആയിരുന്നില്ല അന്ന്. പിന്നീടാണ് ഈ ചിത്രത്തിലേക്ക് മമ്മൂട്ടിയും ഐശ്വര്യ റായും എത്തുന്നത്.
എന്നാൽ ഇരുവർ എന്ന ചിത്രത്തിനു ശേഷം തമിഴിൽ മറ്റൊരു സിനിമ ചെയ്യാൻ തയ്യാറെടുത്ത ഐശ്വര്യ റായിക്ക് നായകന്‍ അജിത്താണ് എന്ന് കേട്ടപ്പോൾ ഒരു താല്പര്യക്കുറവുണ്ടായിരുന്നു. ഒടുവിൽ ഈ ചിത്രത്തിൽ നിന്ന് അജിത്തിനെ ഒഴിവാക്കി മുന്നോട്ടു പോകാം എന്ന തീരുമാനത്തിലേക്ക് അണിയറപ്രവര്‍ത്തകര്‍ എത്തി. എന്നാൽ അജിത്തിനെ ഒഴിവാക്കുന്നു എന്ന വിവരം അറിഞ്ഞ മമ്മൂട്ടി ചിത്രത്തിൻറെ നിർമ്മാതാവിനോടും സംവിധായകനോടും തൻറെ വിയോജിപ്പ് പ്രകടമാക്കി. വളർന്നു വരുന്ന ഒരു നടനെ ഈ രീതിയിൽ ഒഴിവാക്കുന്നത് ശരിയായ നടപടിയല്ല എന്ന് അദ്ദേഹം തുറന്നടിച്ചു. ഒടുവിൽ മമ്മൂട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി കഥയിൽ മറ്റു ചില മാറ്റങ്ങൾ വരുത്തി ഐശ്വര്യ റായിക്ക് പകരം തബുവിനെ അജിത്തിന്റെ നായികയാക്കി. അജിത്തിന് പകരം അന്ന് ഐശ്വര്യ റായിക്ക് ജോഡിയായി വന്നത് അബ്ബാസ് ആയിരുന്നു. ചിത്രത്തിൻറെ മാറിയ തിരക്കഥ കൂടുതൽ ജനശ്രദ്ധ നേടുന്നതിന് കാരണമായി. ഇന്നും നിരവധി ടെലിവിഷൻ കാഴ്ചക്കാർ ഉള്ള ചിത്രമാണ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍.