ഒരു ഇടവേളക്കു ശേഷം വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങി വന്നിരിക്കുകയാണ് പ്രമുഖ നടന്‍ ബൈജു. ഇന്ന് ഇറങ്ങുന്ന മിക്ക ചിത്രങ്ങളിലും ബൈജു ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു അഭിവാജ്യ ഘടകമാണ്. ബിഗ് സ്ക്രീനിൽ മാത്രമല്ല സമൂഹ മാധ്യമത്തിലും ബൈജു ഇന്ന് താരമാണ്. അതിന്റെ പ്രധാന കാരണം അഭിമുഖങ്ങളില്‍ ബൈജു നല്‍കുന്ന തഗ് മറുപടികളാണ്. കഴിഞ്ഞ ദിവസം ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ദൈവ വിശ്വാസത്തെ കുറിച്ച് അദ്ദേഹം നടത്തിയ ഒരു അഭിപ്രായ പ്രകടനം ഏറെ ശ്രദ്ധ നേടുകയുണ്ടായി.
വിശ്വാസിയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് ബൈജു നൽകിയ മറുപടി വളരെ വേഗം തന്നെ വൈറലായി മാറി. താൻ വിശ്വാസിയല്ല എന്ന ആമുഖത്തോടെയാണ് അദ്ദേഹം കൂടുതൽ വിശദീകരണം നൽകിയത്.
ഒരു മാനവരാശിക്ക് മൂന്നു ദൈവങ്ങളോ എന്നാണ് ബൈജു ചോദിക്കുന്നത്. ദൈവം എന്നത് ഒന്നു മാത്രമേ പാടുള്ളൂ. മനുഷ്യർക്ക് എല്ലാവർക്കും ഒരു ദൈവമാണ് ഉള്ളതെങ്കിൽ താൻ അതിൽ ഉറപ്പായും വിശ്വസിക്കുമായിരുന്നു. എന്നാൽ ഇത് അങ്ങനെയല്ല. ഒരു വിഭാഗത്തിന് ഒരു ദൈവം , മറ്റൊരു വിഭാഗത്തിന് മറ്റൊരു ദൈവം. വേറെ ചില വിഭാഗങ്ങൾക്ക് മറ്റു ചില ദൈവങ്ങൾ. ഇത് എന്ത് ദൈവങ്ങളാണ്. എവിടെ തിരിഞ്ഞാലും ദൈവങ്ങളോ എന്നാണ് ബൈജു ചോദിച്ചത്. അതുകൊണ്ട് തന്നെ താന്‍ ഒരു വിശ്വാസിയല്ല എന്നും അദ്ദേഹം പറയുകയുണ്ടായി. ഏതായാലും ബൈജുവിന്റെ ഈ അഭിപ്രായ പ്രകടനം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.