കുട്ടിയായിരുന്നപ്പോൾ തനിക്ക് പിതാവിൽ നിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. പ്രമുഖ പത്രപ്രവർത്തക ബർക്ക ദത്തുമായി നടത്തിയ അഭിമുഖത്തിലാണ് ഖുശ്ബു തന്റെ അനുഭവം വിവരിച്ചത്. എട്ടു വയസ്സ് മാത്രം പ്രായമുള്ളപ്പോൾതന്നെ അച്ഛൻ ലൈംഗികമായി ഉപദ്രവിച്ചു. 15 വയസ്സ് ആയപ്പോഴാണ് അതിനെതിരെ പ്രതികരിക്കാന്‍ ധൈര്യം കിട്ടിയതെന്ന് ഖുഷ്ബൂ പറയുന്നു. കുട്ടി ആയിരിക്കുമ്പോൾ പീഡനത്തിന് ഇരയാവുകയാണെങ്കിൽ അത് ആണാണെങ്കിലും പെണ്ണാണെങ്കിലും ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ഒരു മുറിപ്പാട് തന്നെയാണ്. അത് മനസ്സിൽ ആഴത്തിലുള്ള മുറിവ് ഉണ്ടാക്കുന്നു.
തന്റെ അമ്മയുടെ വിവാഹ ബന്ധം വളരെയധികം മോശമായിരുന്നു. ഭാര്യയെയും മക്കളെയും അതിക്രൂരമായി ഉപദ്രവിക്കുന്നതും മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും തൻറെ ജന്മാവകാശമാണ് എന്ന്
കരുതിയിരുന്ന വ്യക്തിയായിരുന്നു അച്ഛൻ. എട്ടു വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് താൻ പിതാവിൽ നിന്നും പീഡനം നേരിട്ട് തുടങ്ങിയത്. എന്നാൽ ഇതിനെതിരെ ശബ്ദമുയർത്താൻ ധൈര്യം കിട്ടിയത് 15 വയസ്സായപ്പോൾ മാത്രമാണ്.
എന്തൊക്കെ സംഭവിച്ചാലും ഭർത്താവ് ദൈവതുല്ല്യനാണ് എന്ന് കരുതിയിരുന്ന വ്യക്തിയായിരുന്നു അമ്മ. അച്ഛനെക്കുറിച്ച് എന്ത് പറഞ്ഞാലും അമ്മ വിശ്വസിക്കില്ല എന്ന ഭയം ഉണ്ടായിരുന്നു. തന്റെ ഭാഗത്തുനിന്നും എന്തെങ്കിലും നീക്കം ഉണ്ടായാൽ വീട്ടിലുള്ള മറ്റുള്ളവർ കൂടി അതിൻറെ പരിണിതഫലം അനുഭവിക്കേണ്ടിവരും എന്ന ഭയം മൂലമാണ് വളരെ വർഷങ്ങളോളം ഒന്നും മിണ്ടാതെ സഹിക്കാൻ പ്രേരിപ്പിച്ചത്.
എന്നാൽ 15 വയസ്സ് കഴിഞ്ഞതോടെ ഇതിന് ഒരു അവസാനം ഉണ്ടാകണം എന്ന ചിന്ത ഉടലെടുത്തു. ഇതോടെയാണ് എതിർക്കാൻ തുടങ്ങിയത്. ഇതോടെ തനിക്ക് 16 വയസ്സ് തികയുന്നതിന് മുമ്പ് അച്ഛൻ തന്നെയും അമ്മയെയും ഉപേക്ഷിച്ചു പോവുകയായിരുന്നു. അന്നത്തെ സാഹചര്യത്തിൽ ഒരുനേരത്തെ ആഹാരം ലഭിക്കുക എന്നത് പോലും വലിയ വെല്ലുവിളിയായിരുന്നു എന്ന് ഖുശ്ബു പറയുന്നു.