കലാഭവൻ മണി ദൈവതുല്യനാണ്…. എന്‍റെ കഷ്ടപ്പാട് കണ്ട് അദ്ദേഹം വാങ്ങിത്തന്ന ഓട്ടോറിക്ഷ പിന്നീട് അദ്ദേഹത്തിൻറെ വീട്ടുകാർ തിരിച്ചു വാങ്ങി…. മണിയുടെ ഓര്‍മയില്‍ രേവത്…

ഒരു മികച്ച അഭിനേതാവ് എന്നതിലുപരി ഒരു മനുഷ്യസ്നേഹി എന്ന നിലയിലാണ് അന്തരിച്ച കലാകാരൻ കലാഭവൻ മണിയെ മലയാളികൾ ഓര്‍ക്കുന്നത്. താഴേക്കിടയിൽ നിന്നും കടന്നു വന്ന് ഉയരങ്ങളിൽ എത്തിയ  അദ്ദേഹം നിരവധി പേരെ കൈയ്യയച്ച് സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ സഹായത്തിൽ ജീവിതം കെട്ടിപ്പെടുത്ത വ്യക്തിയാണ് ഓട്ടോ ഡ്രൈവറും സന്നദ്ധ പ്രവർത്തകനുമായ രേവത്. കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ജീവിതത്തെക്കുറിച്ചും തന്റെ ജീവിതത്തിൽ കലാഭവൻ മണി എന്ന വ്യക്തിക്കുള്ള സ്വാധീനത്തെക്കുറിച്ചും പറയുകയുണ്ടായി. ചില സമയങ്ങളിൽ ഒരു നേരത്തെ ഭക്ഷണം വയ്ക്കാൻ പോലും ഉള്ള പണം കയ്യിൽ ഉണ്ടാകാറില്ല എന്നും ആ സമയത്ത് പോലും താൻ സൗജന്യമായി ക്യാൻസർ രോഗികളുമായി തിരുവനന്തപുരം ആർസിസിയിലേക്ക് ഓട്ടം പോകാറുണ്ട് എന്നും രേവത് പറയുന്നു.

കലാഭവൻ മണി തന്നെ സംബന്ധിച്ച് ദൈവതുല്യനാണ്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ലോട്ടറി വിറ്റ് നടന്നിരുന്ന കാലത്താണ് തന്നെ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചു  അദ്ദേഹം വിളിപ്പിച്ചത്. അദ്ദേഹത്തിൻറെ മാനേജരുടെ വിവാഹ ചടങ്ങിലേക്ക് ക്ഷണിച്ചു. അവിടെവച്ചാണ് ആദ്യമായി കാണുന്നത്. അന്ന് കയ്യിൽ ഉണ്ടായിരുന്ന 29 ബംബർ ടിക്കറ്റുകളും വാങ്ങി 5000 രൂപയും തന്നു. ഡ്രസ്സും മറ്റ് സാധനങ്ങളുമെല്ലാം വാങ്ങിത്തന്നു.

Screenshot 1601

മരിക്കുന്നതുവരെ അദ്ദേഹം എല്ലാതരത്തിലും തന്നെയും കുടുംബത്തെയും സഹായിച്ചു. തന്റെ സഹോദരിക്ക് നഴ്സിംഗ് പഠനത്തിനുള്ള പണം തന്നത് അദ്ദേഹമാണ്. വീട്ടിൽ കറണ്ട് ലഭിക്കുന്നതിന് സഹായിച്ചതും അദ്ദേഹം തന്നെയാണ്. തന്‍റെ കഷ്ടപ്പാട് കണ്ട് അദ്ദേഹം ഒരു ഓട്ടോറിക്ഷ വാങ്ങി തന്നിരുന്നു. പിന്നീട് അദ്ദേഹത്തിൻറെ വീട്ടുകാർ അത് തൻറെ കയ്യിൽ നിന്നും തിരിച്ചു വാങ്ങിയെന്നും രേവത് പറയുന്നു. 

താൻ ഉത്സവപ്പറമ്പിൽ കാസറ്റ് വിൽപ്പന നടത്തിക്കൊണ്ട് ഇരിക്കുന്നതിനിടെയാണ് കലാഭവൻ മണി മരിച്ച വിവരം പോലീസുകാർ പറഞ്ഞറിയുന്നത്. അത് കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. ബോധം കെട്ട് നിലത്ത് വീണു. കലാഭവൻ മണി തിരിച്ചു വരും എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. അദ്ദേഹം ചെയ്യാതെ പോയ കുറെ കാര്യങ്ങളുണ്ട്. അതുകൊണ്ടാണ് പാവപ്പെട്ടവർ അവരുടെ കഥ പറയുമ്പോൾ താൻ അവരെ സഹായിക്കുന്നതെന്ന് രേവത് പറയുന്നു.