രാമസിംഹൻ സംവിധാനം ചെയ്തത് കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയ പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തെ വാനോളം പുകഴ്ത്തി വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകൻ ടി ജി മോഹൻദാസ്. അയ്യപ്പൻറെ പവിത്രശക്തി കനിഞ്ഞനുഗ്രഹിച്ച ചിത്രമായിരുന്നു മാളികപ്പുറം. ആ ചിത്രം വിജയിക്കുകയും ചെയ്തു. എന്നാൽ 1921 പുഴ മുതൽ പുഴ വരെ എന്ന സിനിമ പരാജയപ്പെട്ട ഹിന്ദുവിന്റെ ചരിത്രമാണ് പറയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 8 ദിക്കും പൊട്ടുന്ന ശബ്ദത്തിൽ ഒരു ദൈവവും തുണയ്ക്കെത്താതെ നിസ്സഹായമായി പോയ ഒരു സമാജത്തിന്റെ കഥയാണത്. ഇത് പരാജയത്തിന്റെയും പലായനത്തിന്റെയും ചരിത്രമാണ്.
ശരീരം കടിച്ചുപറിച്ചപ്പോൾ തൊണ്ട കുഴിയിൽ നിന്ന് പുറപ്പെടാൻ പോലും ധൈര്യമില്ലാതെ പോയ ഒരു കരച്ചിലിന്റെ കഥ. വാളിന്റെ ശീല്കാരത്തിൽ ആർത്തനാദം പോലും പുറപ്പെടുവിക്കാതെ നടുങ്ങുന്ന ശിരസ്സായും പിടയ്ക്കുന്ന കബന്ധമായും കിണറിന്റെ അഗാധതയിലേക്ക് തള്ളപ്പെട്ടവൻറെ ഒരു ചെറിയ ഞരക്കമാണ്. ദൈവം ആ നിലവിളി കേൾക്കാഞ്ഞത് ഭക്തിയുടെ കുറവുകൊണ്ടോ ആചാരങ്ങളുടെ ലോപം കൊണ്ടോ അനുഷ്ഠാനങ്ങളുടെ വീഴ്ച കൊണ്ടോ ഒന്നുമല്ല.
ദൈവത്തിന് ബലി നൽകുന്നത് കുതിരയെയോ, ആനയെയോ കടുവയെയോ അല്ല, ആടായാലും വേണ്ട, ആടിൻറെ കുട്ടി മതി. ദൈവം പോലും ബലിയായി സ്വീകരിക്കുന്നത് ദുർബലനെയാണ്. ഹിന്ദു എപ്പോഴെങ്കിലും ഒരു സമാജമായി ജീവിച്ചിരുന്നിട്ടുണ്ടോ…? ശക്തിയെ ഉപാസിക്കുമ്പോഴും ശക്തരാകാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് മോഹൻദാസ് ചോദിക്കുന്നു. ഇല്ല എന്ന തിരിച്ചറിവാണ് പുഴ മുതൽ പുഴ വരെ എന്ന ചിത്രം നമുക്ക് നൽകുന്നത്.
സിനിമയെ ശാസ്ത്രീയമായി വിലയിരുത്തുന്നവരും ഇഴകീറി പരിശോധിച്ച് വിമർശിക്കുന്നവരും ഉണ്ട്. ആരോടും ഒരു തർക്കത്തിനും ഇല്ല. പുഴ മുതൽ പുഴ വരെ എന്ന ചിത്രം കാണേണ്ടത് തലച്ചോറ് കൊണ്ടല്ല, ഹൃദയം കൊണ്ട് കാണണം എന്നാണ് അപേക്ഷ.
വിരോധികളോട് പറയാനുള്ളത് 102 വർഷങ്ങൾക്ക് ശേഷം ഹിന്ദു ഒന്നു ഉറക്കെ കരയുകയാണ്. അതുകൊണ്ട് ചെവി പോത്തിക്കൊള്ളുക ഈ ഹൃദയ വിലാപം നിങ്ങൾ താങ്ങുകയില്ല. ഹിന്ദുവിനോടുള്ള പുച്ഛം , പരിഹാസം , അവജ്ഞ എന്നിവ വളരെ പരിചിതമാണ്. എന്നാൽ മെല്ലെയാണെങ്കിലും തങ്ങൾക്കും ചില അവകാശങ്ങൾ ഉണ്ട് എന്ന് തോന്നിത്തുടങ്ങിയിരിക്കുകയാണ്. അതുകൊണ്ട് ആദ്യമായി ഹിന്ദു പരസ്യമായി ഒന്ന് കരയട്ടെയെന്ന് മോഹൻദാസ് പറയുന്നു.