നിരവധി ചിത്രങ്ങളിൽ അസോസിയേറ്റ് ആയി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് സ്റ്റാൻലി ജോസ്. സ്വന്തമായി മൂന്ന് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. എന്നാൽ വളരെ വർഷങ്ങളായി സിനിമയിൽ നിന്നും പരിപൂർണ്ണമായി മാറി നിൽക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ ഒരു ഓണ്ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ തൻറെ അനുഭവങ്ങൾ പങ്കു വയ്ക്കുകയാണ് അദ്ദേഹം. സംവിധായകൻ പ്രിയദർശൻ തന്നെ പലപ്പോഴും ഒഴിവാക്കുന്നതായി തോന്നിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. അവരുടെയൊക്കെ താഴെ നിൽക്കണമെന്ന ഒരു രീതിയാണ് അവർക്ക് ഉള്ളത്. നടി നടന്മാരെ സംവിധായകരുടെ കീഴിലുള്ള ഒരു ഉപകരണമായി മാത്രമേ കാണാറുള്ളൂ. ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ. മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച പടയോട്ടത്തിൽ വർക്ക് ചെയ്തിരുന്നു. അത് മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു. അതിൽ മോഹൻലാലിന്റെയും ശങ്കറിന്റെയും പൂര്‍ണിമയുടെയും റോൾ പിന്നീട് എഴുതി ചേർത്തതാണ്. അതിൻറെ സ്ക്രിപ്റ്റ് എഴുതിയത് പ്രിയദർശനായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഇറങ്ങി കഴിഞ്ഞപ്പോൾ അവർക്ക് ഒരു മാർക്കറ്റ് ഉണ്ടായി. അങ്ങനെയാണ് അവരുടെ രംഗങ്ങൾ എഴുതി ചേർത്തത്.
അന്ന് താനും മമ്മൂട്ടിയും ഒരുമിച്ചാണ് ചായ കുടിക്കാനൊക്കെ ഇറങ്ങിയിരുന്നത്. അവരൊക്കെ തന്നെ ആശാനെ എന്നായിരുന്നു വിളിച്ചിരുന്നത്. പിന്നീട് മമ്മൂട്ടി വലിയ നടനായി. പ്രതീക്ഷിക്കാത്ത വിധത്തിൽ അദ്ദേഹം വളർന്നു. അപ്പോഴൊക്കെ എല്ലാവരോടും തന്നെ അന്വേഷിച്ചു എന്ന് പറഞ്ഞു വിടുമായിരുന്നു മമ്മൂട്ടി. എന്നാൽ മോഹൻലാലിൻറെ ഭാഗത്തുനിന്നും അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഇന്ന് മമ്മൂട്ടിയും അങ്ങനെയല്ല. താൻ മമ്മൂട്ടിയെ അവസാനമായി കാണുന്നത് കിങ്ങിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഗൾഫിൽ ഒരു പരിപാടിയുടെ ഭാഗമായി നടന്ന ഷൂട്ടിങ്ങിനിടയിലാണ്. അന്ന് താൻ മാറി നിന്നപ്പോൾ ആശാനെ എന്താണ് മാറി നില്‍ക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചിരുന്നു. പിന്നീട് മമ്മൂട്ടിയെ കണ്ടിട്ടില്ല. വിളിച്ചിട്ടുമില്ല. വിളിച്ചാൽ ഒരു പക്ഷേ എന്തെങ്കിലും സാമ്പത്തിക സഹായത്തിനാണ് വിളിക്കുന്നത് എന്ന് തെറ്റിദ്ധരിച്ചേക്കാം. മമ്മൂട്ടിയെ എന്നല്ല ആരെ വിളിച്ചാലും അങ്ങനെ ചിന്തിക്കുമെന്നും അതുകൊണ്ട് താൻ ആരെയും വിളിക്കാറില്ലന്നും അദ്ദേഹം പറയുന്നു.