ഒരു നീണ്ട ഇടവേളക്കു ശേഷം മലയാള സിനിമയിൽ വീണ്ടും സജീവമായിരിക്കുകയാണ് ആക്ഷൻ ചിത്രങ്ങളുടെ അമരക്കാരൻ ഷാജി കൈലാസ്. മോഹൻലാലിനെ നായകനാക്കി നിരവധി ഹിറ്റുകൾ ഒരുക്കിയിട്ടുള്ള അദ്ദേഹം ഏറ്റവും ഒടുവിൽ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് എലോൺ. ആൻറണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. ജനുവരി 26ന് തിയേറ്ററിൽ എത്തിയ ചിത്രം മോഹൻലാലിൻറെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായി മാറി. മോഹൻലാൽ മാത്രം അഭിനയിച്ചിട്ടുള്ള ഈ ചിത്രം പ്രേക്ഷകർ ആദ്യദിനം തന്നെ കൈയൊഴിഞ്ഞു. ഇപ്പോഴിതാ ഈ ചിത്രം എടുക്കാൻ ഉണ്ടായ സാഹചര്യം വ്യക്തമാക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്.
കോവിഡിന്റെ സാഹചര്യത്തിൽ ഒരുപാട് പേർക്ക് ജോലി കൊടുക്കുന്നതിനു വേണ്ടി എടുത്ത ചിത്രമാണ് എലോൺ എന്ന് ഷാജി കൈലാസ് പറയുന്നു. എല്ലാ ദിവസവും ആർടിപിസിആർ ടെസ്റ്റ് എടുക്കേണ്ടിയിരുന്നു. മോഹൻലാൽ ഒഴികെ എല്ലാവരും മാസ്ക് ധരിച്ചായിരുന്നു സെറ്റിൽ എത്തിയിരുന്നത്. യഥാർത്ഥത്തിൽ മോഹൻലാൽ ഇൻഡസ്ട്രിക്ക് വേണ്ടി എടുത്ത റിസ്കാണ് എലോൺ എന്ന് ഷാജി കൈലാസ് പറയുന്നു.
ഒരു ദിവസമെങ്കിൽ ഒരു ദിവസം എന്ന് പറഞ്ഞാണ് നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ ആ ചിത്രം തീയറ്ററിൽ എത്തിക്കുന്നത്. കാരണം മോഹൻലാൽ അത്തരം ചിത്രങ്ങളിൽ ഒരിക്കൽ മാത്രമേ അഭിനയിക്കുകയുള്ളൂ. മുന്‍പ് ഒരിയ്ക്കലും ഇതുപോലെ ചെയ്തിട്ടില്ല. ഇനീ ചെയ്യാനും യാതൊരു സാധ്യതയുമില്ല. അങ്ങനെയാണ് ഈ ചിത്രം തീയേറ്ററിൽ എത്തിക്കുന്നത്. അത് വലിയ റിസ്കാണ് എന്ന് പറഞ്ഞപ്പോൾ ഇത് ഒരു പരീക്ഷണ ചിത്രമാണെന്നും ഇത് അംഗീകരിക്കപ്പെടുകയോ വിമർശിക്കപ്പെടുകയോ ചെയ്യട്ടെ എന്നുമാണ് ആൻറണി പെരുമ്പാവൂർ പറഞ്ഞതെന്ന് ഷാജി കൈലാസ് പറയുകയുണ്ടായി.