കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ സംഭവം ആയിരുന്നു ഇരിഞ്ഞാടപ്പിള്ളിയിലെ ഉത്സവത്തിന് യന്ത്ര ആന തിടമ്പ് ഏറ്റിയത്. സോഷ്യൽ മീഡിയയിൽ അടക്കം ഇത് വലിയ ചർച്ചയായി മാറി. വലിയൊരു വിഭാഗം പേർ ക്ഷേത്ര കമ്മറ്റിയുടെ ഈ നടപടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആധുനിക കാലത്ത് മൃഗങ്ങളെ പീഡിപ്പിക്കാതെ ഇത്തരത്തിലുള്ള വഴികൾ പിന്തുടരുന്നതാണ് ഉചിതം എന്ന് ഭൂരിപക്ഷം പേരും കമൻറ് ചെയ്തു. ഈ വിഷയത്തിൽ ഡോക്ടർ അരുൺകുമാർ സമൂഹ മാധ്യമത്തിൽ പങ്കു വെച്ച കുറുപ്പ് ഏറെ ശ്രദ്ധ നേടി.
എല്ലാ അമ്പലത്തിലും ഈ രീതി പിന്തുടർന്നു കൂടെ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഇരിഞ്ഞാടപ്പിള്ളിയിലെ ഉത്സവത്തിന് തിടമ്പേറ്റിയത് വെറും യന്ത്രമല്ല ചലിക്കാൻ ശേഷിയുള്ള ഹൈപ്പർ റിയലിസ്റ്റിക് ആനയാണ് അത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ചൂട്ട് കറ്റയ്ക്കും എണ്ണ പന്തങ്ങൾക്കും പകരം വൈദ്യുതി വെളിച്ചം ആകാമെങ്കിൽ യന്ത്ര ആനകളും പ്രായോഗികമാണ് എന്നാണ് അദ്ദേഹത്തിൻറെ പക്ഷം. നിലവിൽ ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന ആധുനിക സജ്ജീകരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇതിനെ ന്യായീകരിക്കുന്നത്.
ചന്ദനം ഉരയ്ക്കുന്നതിന് മെഷീൻ ആകാമെങ്കിൽ, പ്രസാദം ഉണ്ടാക്കുന്നതിന് ഗ്യാസ് അടുപ്പ് ഉപയോഗിക്കാമെങ്കിൽ എന്തുകൊണ്ട് ഇത് ഉപയോഗിച്ചുകൂടാ. തീർത്ഥത്തിന് വെള്ളം എത്തിക്കാൻ മോട്ടോർ ആണ് ഉപയോഗിക്കുന്നത്. അതുപോലെതന്നെ നാമജപത്തിന് ഉച്ചഭാഷിണിയാണ് പിന്തുടരുന്നത്. തിരുവസ്ത്രത്തിന് യന്ത്ര തറിയാണ് ഉപയോഗിക്കുന്നത്. അതുപോലെതന്നെ ദീപാലങ്കാരങ്ങൾക്ക് എൽ ഇ ഡി ലൈറ്റുകൾ ആണ് ഉപയോഗിക്കുന്നത് എന്നിരിക്കെ എന്തുകൊണ്ട് തിടമ്പേറ്റുന്നതിനും കുട മാറ്റുന്നതിനും യന്ത്ര ആനകൾ പോരേ എന്ന് അരുൺകുമാർ ചോദിക്കുന്നു. അങ്ങനെ ആകുമ്പോൾ ഇടയില്ല, മെഴുക്കില്ല, പനിനീർ തളിക്കില്ല , അവയ്ക്ക് വേദനിക്കുകയുമില്ല. മാറുന്ന കാലത്തെ മാറ്റുന്ന തീരുമാനത്തിന് അഭിവാദനങ്ങൾ നേർന്നു കൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.