ഉണ്ണി മുകുന്ദനെ വിമർശിച്ച വിഷയത്തിൽ തനിക്ക് കടുത്ത എതിർപ്പാണ് നേരിടേണ്ടി വന്നതെന്ന് നടൻ സന്തോഷ് കീഴാറ്റൂർ അഭിപ്രായപ്പെട്ടു. ഹനുമാൻ ജയന്തി ആശംസകൾ നേർന്നു കൊണ്ട് ഉണ്ണി മുകുന്ദൻ പങ്കു വെച്ച പോസ്റ്റിനാണ് സന്തോഷ് കീഴാറ്റൂർ കമന്റ് ചെയ്തത്. ഉണ്ണി മുകുന്ദനെ വിമർശിച്ചു കൊണ്ട് ചെയ്ത കമന്റിന് കടുത്ത പ്രതിഷേധമാണ് സന്തോഷിനു നേരിടേണ്ടി വന്നത്. ഇതേക്കുറിച്ച് സന്തോഷ് തന്നെ അടുത്തിടെ തുറന്നു പറയുകയുണ്ടായി.
താനും ഉണ്ണി മുകുന്ദനും ഒരുമിച്ച് അഭിനയിച്ച സഹപ്രവർത്തകരാണ്. ഉണ്ണി മുകുന്ദന്റെ മല്ലൂ സിംഗ് പോലെയുള്ള ചിത്രങ്ങൾ വളരെ ഇഷ്ടവുമാണ്. വിക്രമാദിത്യൻ എന്ന ചിത്രത്തിൽ വളരെ മികച്ച വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്തത്. സ്റ്റൈൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ ഒപ്പം അഭിനയിച്ചിട്ടുണ്ട്. എന്നാൽ അന്ന് ബുദ്ധിമോശം കൊണ്ട് ഒരു കമൻറ് ഇട്ടു. പിന്നീട് അത് തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തു.
എന്നാൽ അതിൻറെ പേരിൽ തനിക്കെതിരെ വധഭീഷണി വരെ ഉണ്ടായി എന്ന് സന്തോഷ് പറയുന്നു. ചിലർ ഫോണിൽ വിളിച്ച് കൊന്നു കളയും എന്ന് പറഞ്ഞു. തൻറെ രാഷ്ട്രീയം വ്യക്തമായി ഉയർത്തിപ്പിടിച്ചതു കൊണ്ടാണ് അങ്ങനെ കേൾക്കേണ്ടി വന്നത്. പക്ഷേ ഇതിൽ ഏറ്റവും വിഷമകരമായ കാര്യം തെറ്റ് തുറന്നു സമ്മതിച്ചിട്ടു കൂടി പലരും അത് പേഴ്സണൽ ആയാണ് എടുത്തത് എന്നതാണ്. ഉണ്ണി മുകുന്ദൻ അതിന് താഴെ വന്ന് ഒരു കമൻറ് ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അത് സംഭവിച്ചില്ല. പിന്നീട് പലപ്പോഴും പല അഭിമുഖങ്ങളിലും തന്നെ തീർത്തും അറിയാത്ത പോലെയാണ് ഉണ്ണി സംസാരിച്ചത് എന്ന് സന്തോഷ് കുറ്റപ്പെടുത്തുന്നു.