ഇവിടെ യൂട്യൂബർമാരുടെ ഗൂഢസംഘം ഉണ്ട്… ഒരു കോടി രൂപ കൊടുത്താൽ സിനിമ നല്ലതാണെന്ന് യൂട്യൂബർമാർ പറയും… വിഷയം നിയമസഭയിൽ ഉന്നയിക്കാൻ ഒരുങ്ങി ഗണേഷ് കുമാർ…

മലയാള സിനിമയെ ഒരു കൂട്ടം യൂട്യൂബർമാർ ചേര്‍ന്ന് ബോധപൂർവ്വം തകർക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ഇപ്പോൾ തന്നെ ശക്തമാണ്. സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ പറഞ്ഞു ഈ വ്യവസായത്തെ തന്നെ തകർക്കാനാണ് ഒരുകൂട്ടം ശ്രമിക്കുന്നത് എന്ന ആരോപണം വ്യാപകമാണ്. ഇത് ശരിവെച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ചലച്ചിത്ര താരവും പത്തനാപുരം എംഎൽഎയുമായ ഗണേഷ് കുമാർ. ദുബായിൽ ഗോൾഡൻ വിസ സ്വീകരിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇത്തരം ഒരു ആരോപണം ഉന്നയിച്ചത്.

ചില സിനിമകളെ പ്രോത്സാഹിപ്പിക്കാനും മറ്റു ചില ചിത്രങ്ങളെ തകർക്കുവാനും മലയാളത്തിൽ ഒരു മാഫിയ തന്നെ പ്രവർത്തിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ഒരു കോടി രൂപ കൊടുത്താൽ  സിനിമ നല്ലതാണെന്ന് യൂട്യൂബർമാർ പറയും. അതേസമയം എത്ര നല്ല ചിത്രമാണെങ്കിൽ പോലും പണം കൊടുത്തില്ലെങ്കിൽ മോശമാണ് എന്ന് പറഞ്ഞ് ഇവർ വിമർശിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Screenshot 1426

പണം വാങ്ങിയതിനു ശേഷം സ്വന്തം ആളുകളെ തീയറ്ററിൽ കയറ്റി അത്തരക്കാരെ കൊണ്ട് അനുകൂലമായ അഭിപ്രായം പറയിക്കുന്നതും സിനിമയിൽ പതിവാണ്. ഇതിൻറെ എല്ലാം പിന്നിൽ ഒരു ഗൂഢസംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് ഗണേഷ് കുമാർ പറയുന്നു. ഈ വിഷയം അടുത്ത നിയമസഭാ സമ്മേളനത്തിൽ താൻ ഉന്നയിക്കാനിരിക്കുകയാണ്. ചലച്ചിത്ര മേഖലയെ തകർക്കാൻ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് കാര്യം സർക്കാരിനും നിർമാതാക്കൾക്കും അഭിനേതാക്കൾക്കും ഒക്കെ അറിയാം. നിലവിൽ ടിക്കറ്റ് വിൽപ്പന നടത്തുന്ന കമ്പനി തന്നെ ഒരു സിനിമയുടെ നിലവാരം തീരുമാനിക്കുന്ന ഏറെ പരിതാപകരമായ അവസ്ഥയാണ് ഇന്ന് ഉള്ളതെന്നും ഗണേഷ് കുമാർ കൂട്ടിച്ചേര്‍ത്തു.