എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും നമ്മുടെ സമൂഹത്തിൽ ഇന്നും ജാതിമത ചിന്തകൾ വേറൂന്നി തന്നെ നിൽക്കുന്നു എന്നതിന് നിരവധി ഉദാഹരണങ്ങൾ പുറത്തു വരാറുണ്ട്. സോഷ്യൽ മീഡിയയാണ് ഇത്തരക്കാരുടെ വിളയാട്ട ഭൂമി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒപ്പമുള്ള ചിത്രം പങ്കുവച്ചതിന് ജാതി പറഞ്ഞ് അധിക്ഷേപം നടത്തിയ കമന്‍റിന് മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ അരുൺ രാജ്.കഴിഞ്ഞ ദിവസമാണ് അദ്ദേഹം ‘ബാക്കി പുറകെ’ എന്ന ക്യാപ്ഷനോടെ മമ്മൂട്ടിയുടെ ഒപ്പം നിൽക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമത്തിൽ പങ്കു വെച്ചത്. ഇതിൻറെ താഴെയാണ് അധിക്ഷേപിക്കുന്ന ഒരു കമൻറ് പ്രത്യക്ഷപ്പെട്ടത്.
ഇവനാണോ അരുൺ രാജ് മമ്മൂട്ടിയെ വെച്ച് സിനിമ സംവിധാനം ചെയ്യാൻ പോകുന്നത് ഈ കറുത്തിരിക്കുന്നവനാണോ എന്ന് ചോദിച്ചുകൊണ്ടാണ് കമൻറ് തുടങ്ങുന്നത്. പുലയന്മാർക്കാർക്കു മമ്മൂട്ടി ഡേറ്റ് നൽകില്ല. ഇവന്മാർ എന്നും അടിമകളാണ്, പോയി വല്ല കൂലിപ്പണിയും ചെയ്യാൻ പറ പുലയന്റെ മോൻ എന്നായിരുന്നു വിവാദമായ ആ കമൻറ്. ഇതിന്‍റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെ പങ്ക് വച്ചുകൊണ്ടാണ് അരുൺ രാജ് ഇതിന് മറുപടി നൽകിയത്. ഇത്തരം ഒരു കമൻറ് കണ്ടതിൽ ഏറെ വിഷമം ഉണ്ടെന്നു സൂചിപ്പിച്ചുകൊണ്ട് ആ കമന്റിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവെച്ചാണ് അദ്ദേഹം മറുപടി നൽകിയിരിക്കുന്നത്.
വളരെ അഭിമാനത്തോടെ പറയുകയാണ് താൻ ഒരു പുലയനാണ്. തന്റെ ജാതി മതം നിറം എന്നിവയൊന്നും ഒരിടത്തും മറച്ചു വെച്ചിട്ടില്ല. ജാതിയും മതവും അറിഞ്ഞുകൊണ്ട് തന്നെയാണ് നാല് സിനിമകൾ ചെയ്തത്. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് ചിത്രങ്ങളുടെ സംവിധായകരും നിർമ്മാതാക്കളും ഒപ്പം നിന്നത്. ഇനി താൻ ചെയ്യാൻ പോകുന്ന മമ്മൂട്ടിയുടെ സിനിമയും അങ്ങനെ തന്നെയാണ്. മമ്മൂട്ടിയെ വ്യക്തിപരമായി അറിയാം. അദ്ദേഹം ജാതിയെന്നോ മതമെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ രീതിയിൽ കാണുന്ന ആളാണ്. അതുകൊണ്ട് തനിക്കോ തൻറെ സിനിമയ്ക്കോ ഒരു പ്രശ്നവുമില്ല. പിന്നെ ഇത് എന്തിൻറെ പ്രശ്നമാണെന്നും ഇത് ചെയ്യുന്നത് ആരാണെന്ന് നന്നായി അറിയാം. ഇതിനുമുമ്പും ഇത്തരത്തിൽ പല രീതിയിലുള്ള അധിക്ഷേപം കേൾക്കേണ്ടിയും കാണേണ്ടിയും വന്നിട്ടുണ്ട്. ഇത്തരത്തിൽ ഇനിയും ആവർത്തിച്ചാൽ ഈ രീതിയിൽ ആയിരിക്കില്ല പ്രതികരിക്കുന്നത്. വളരെ കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിയ തന്നെ തകർക്കരുത് എന്ന് അപേക്ഷിക്കുന്നതായും അദ്ദേഹം കുറച്ചു.